വെള്ളം അടയാളമായ ദേശങ്ങൾ
വെള്ളത്തെ കുറിക്കുന്നു നിരവധി പദങ്ങൾ മലയാളത്തിലുണ്ട്. ആല്, ജലം,നീര്, തണ്ണീർ, പയം, പായം, താമരം തുടങ്ങി നിരവധി പദങ്ങൾ. മലയാളി വ്യാപകമായി ഉപയോഗിക്കുന്ന പദം,വെള്ളം. അച്ചടിക്കാരൻ്റെ പദം ജലം. ജല വിഭവം, ജല സ്രോതസ്സ് എന്നിങ്ങനെയാണ് എഴുത്ത്. എന്നാല് ആല് എന്ന വാക്കിന് വെള്ളം എന്ന അർത്ഥമുണ്ട് എന്ന് എത്ര പേർക്ക് അറിയാം? അക്ഷര മാലയിൽ ചന്ദ്രക്കല വരുന്നതിനു മുമ്പേ ഉറച്ചു പോയതായിരിക്കും രണ്ട് സ്ഥലങ്ങൾക്ക് ആല എന്നാണ് പേര്. ഒന്ന് ആലപ്പുഴ ജില്ലയിലും മറ്റൊന്ന് തൃശൂർ ജില്ലയിലും. ആലം എന്നാൽ സമുദ്രം. ആല, ആലം എന്നീ വാക്കുകൾ ഉപസർഗ്ഗം ആയി വരുന്ന എഴുപത്തി രണ്ടോളം സ്ഥലങ്ങൾ കേരളത്തിലുണ്ട്. മിക്ക സ്ഥലങ്ങളും തീര ദേശങ്ങളിലാണ്. ചിലതൊക്കെ അങ്ങനെയല്ലാതെയും കാണാം, കേരളത്തിൻ്റെ ഇന്നത്തെ ഭൂപടം വെച്ച്. എന്നാൽ ഈ ഭൂപടം എക്കാലത്തെയും അല്ല. മലയോട് വാരം ചേർന്ന കാലത്തെ ഭൂപടം വരച്ചു നോക്കിയാലോ. ഇവിടെ ജിയോളജിസ്റ്റ് ഐ. സി. ചാക്കോ പറയുന്നത് നോക്കൂ. 'ക്രിസ്ത്വബ്ദം ആദ്യ ശതകങ്ങളിൽ ഒരു കപ്പലിന് കൊടുങ്ങല്ലൂർ നിന്നും നദികൾ ലഗൂണകൾ എന്നിവയിലൂടെ നിരണത്തേക്ക് യാത്ര ചെയ്യാമായിരുന്...