സേലം മുതൽ സേലം വരെ

 

ലോക പൗരൻ

സേലം എന്ന വാക്കിൻ്റെ വേരുകൾ ലോകം മുഴുവൻ പടർന്നു കിടക്കുന്നു.  എറിത്രിയ (Erithrea) എന്ന രാജ്യമുണ്ട്. ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്ക്.  സുഡാൻ( തെക്കും വടക്കും) എത്യോപ്യ, ജിബൗടി ( Djibouti )എന്നീ രാജ്യങ്ങൾ മൂന്നു വശത്തും നാലാമത്തെ വശം ചെങ്കടലും അതിർത്തി പങ്കിടുന്ന കൊച്ചു രാജ്യം.  ആഫ്രിക്കയുടെ കൊമ്പിനു തൊട്ടു മുകളിൽ.       കൊമ്പിലാണ് സൊമാലിയ. എറിത്രിയയിലെ    ടൈഗ്രിന്യ (Tigrinya) ഭാഷയിൽ സേലം എന്ന വാക്കിൻ്റെ അർത്ഥം, ശാന്തി അല്ലെങ്കിൽ സമാധാനം.  അവിടെ പെൺകുട്ടികളുടെ പേരാണ് സേലം.   സെമിറ്റിക് ഭാഷാ കുടുംബത്തിലാണ് ടൈഗ്രിന്യ.  അറബിക് ഭാഷയും  അതേ കുടുംബത്തിൽ തന്നെ.  അറബികൾ തമ്മിൽ കാണുമ്പോൾ പറയുന്ന ഉപചാര വാക്ക് സലാം. ഇംഗ്ലീഷിൽ ഹൈ എന്ന് പറയുന്നതു പോലെ.  മലയാളിക്ക് സമാനമായ ഉപചാര വാക്ക് ഇല്ല.  ഇല്ലെങ്കിൽ എന്താ? 'ഹൈ' കടമെടുക്കാം.  ആരും തിരിച്ചു ചോദിക്കില്ല.  എത്ര എളുപ്പം. കച്ചവടത്തിന് വന്നവരോടൊക്കെ കടം വാങ്ങി വളർന്നതാണ് നമ്മുടെ ഭാഷ. ഇങ്ങനെ കടം വാങ്ങി വളർന്ന താണ് ഇംഗ്ലീഷും.  എഴുപതുകളിൽ ഭരണ ഭാഷ മലയാളമാക്കന്നതിനു സർക്കാർ, പണ്ഡിതരെ ഏർപ്പാടക്കി.  അവർ തല പുകച്ച് ചില വാക്കുകൾ കണ്ടെത്തി.  അതിൽ ഒന്ന് ഇങ്ങനെ: വൈദ്യുതി ആഗമന നിഗമന നിയന്ത്രണ യന്ത്രം.  എങ്ങനെയുണ്ട്? എല്ലാവരും അറിയുന്ന സ്വിച്ച് (switch).  അതാണ് നെടുനീളൻ പേരായി മാറിയത്.  മേശയും കസേരയും ഇല്ലാത്ത നാട്ടിലേക്ക് പറങ്കികൾ അത് കൊണ്ടുവന്നു.  അവർ വിളിക്കുന്ന പേരൊപ്പിച്ച് കച്ചവടക്കാർ പേരിട്ടു: മേശ, കസേര.  

ആഫ്രിക്കയുടെ കൊമ്പ് 

ആഫ്രിക്കയുടെ കൊമ്പിന് ചരിത്രത്തിൽ സവിശേഷ സ്ഥാനം.  ഇവിടെ മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പ് ഹോമോ സാപിയൻ എന്ന ജീവി വർഗ്ഗം ഉടലെടുത്തു.  എഴുപതിനായിരം കൊല്ലങ്ങൾക്ക് മുമ്പ് ഇര തേടി തേടി ഒരു കൂട്ടം ഈ മണ്ണിലും എത്തി.  ഭാവിയിൽ 
ഇന്ത്യയും ആഫ്രിക്കയും ഒന്നാകുന്ന കാലത്ത്  (ഇരു നൂറ് ദശ ലക്ഷം വർഷങ്ങൾ കഴിഞ്ഞ്) ഈ കൊമ്പ്  കേരളത്തിൽ മുട്ടും. 

ലൂസിയുടെ ബേബി

2000-ത്തിൽ എത്യോപ്യയിലെ ദികിക (Dikika)യിൽ നിന്നും കണ്ടെടുത്ത മൂന്നു വയസ്സുകാരിയുടെ ഫോസിലിൻ്റെ പേര് ലൂസിയുടെ ബേബി. 33 ലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ബേബി. 1974- ൽ   എത്യോപ്യ യിൽ തന്നെ മറ്റൊരു സ്ഥലത്തു നിന്നു  32 ലക്ഷം വർഷങ്ങൾക്ക്  മുമ്പ് ജീവിച്ചിരുന്ന ഇരുപത്തി ഏഴ് വയസ്സുകാരിയുടെ ഫോസിൽ കിട്ടിയിരുന്നു.  അതിനെ ലൂസി എന്നാണ് വിളിച്ചത്.  രണ്ടാമതു കിട്ടിയ കുഞ്ഞു ഫോസിലിനെ അതുകൊണ്ട് ലൂസിയുടെ ബേബി എന്നു വിളിച്ചു.  മാത്രമല്ല രണ്ടും  ഒരേ വിഭാഗത്തിൽ, (astralopithecus aferansis) ആയിരുന്നു.  മനുഷ്യ ജീവി വർഗ്ഗത്തിൻ്റെ  പൂർവികർ.  

എത്യോപ്യയുടെ വക്കത്താണ് എറിത്രിയ.  എറിത്രിയൻ കടലിലെ ചുറ്റിത്തുഴച്ചിൽ (Periplus of Erithrea), ആദ്യ കാല കച്ചവടക്കാരുടെ യാത്രാ സഹായിക്ക് പണ്ടേ ഉണ്ട് പെരുമ.

സേലം ഇംഗ്ലണ്ടിൽ

സേലം അമേരിക്കയിൽ നിരവധിയാണ്.   ഇംഗ്ലണ്ടിൽ നിന്നും ആദ്യം കുടിയേറിയവർ കൂടെ കൊണ്ടു പോയതാണോ എന്ന് സംശയിച്ചേക്കാം.    ഇംഗ്ലണ്ടിൽ സേലം നാലുണ്ട്.  കോൺവാൾ എന്ന വലിയ ദേശത്തെ ചെറിയ ഗ്രാമം. ഹാംലെറ്റ്.  ഇംഗ്ലണ്ടിൻ്റെ തെക്ക് പടിഞ്ഞാറ് കടലിലേക്ക് തള്ളി നില്ക്കുന്ന തടിച്ച വാലാണ് കോൺവാൾ (Cornwall) പെനിൻസുല . കൗണ്ടി എന്നാണ് ഇംഗ്ലണ്ടിൽ പറയുന്നത്. County.  ഏറ്റവും വലിയ പ്രാദേശിക ഭരണകൂടം.   

സേലം വേറെയുമുണ്ട് ഇംഗ്ലണ്ടിൽ.  മാഞ്ചസ്റ്ററിൽ ഓൾഡം (Oldham) പട്ടണത്തിൽ.  വെയിൽസ്         ( Wales) -ൽ രണ്ട് സേലം.   

സേലം അമേരിക്കയിൽ 

ഇംഗ്ലണ്ടിൽ നിന്നും കുടിയേറിയവർ കൊണ്ടുപോയതെന്ന് ന്യായമായും സംശയിക്കാം.  പക്ഷേ, മസാച്യുസെറ്റ്സ് വാസികൾ സമ്മതിക്കില്ല.  ബൈബിളിൽ നിന്നും കൊണ്ടുവന്നു എന്നാണ് അവരുടെ വാദം. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ വരുന്നത് വരെ സ്ഥലത്തിന് നോംകീഗ് എന്നായിരുന്നു പേർ.  ശാലോം എന്ന ഹീബ്രു വാക്കിൽ നിന്ന് ആയിരിക്കണം സേലം വന്നത്.  അവിടെ നിന്നും പേര് നാടിൻ്റെ നാനാ ഭാഗങ്ങളിലേക്കും പടർന്നു.   ഒരു പക്ഷെ ഇങ്ങനെ പടരാൻ ബൈബിൾ തന്നെയായിരിക്കാം കാരണം. അല്ലെങ്കിൽ, അമേരിക്കയിലേക്ക് വന്നവരുടെ ഗതകാല സ്മരണ. വടക്കേ അമേരിക്കയിലെ ഇംഗ്ലണ്ടിൻ്റെ കോളനികളെ ന്യൂ ഇംഗ്ലണ്ട് എന്നും ഫ്രാൻസിൻ്റെ കോളനികളെ ന്യൂ ഫ്രാൻസ് എന്നും വിളിക്കുന്നു.

ഐക്യ നാടുകളിലെ വിവിധ പ്രവിശ്യകളിൽ, ഏതാണ്ട് 22 എണ്ണത്തിൽ സേലം എന്ന സ്ഥലം കാണാം.   കൂടാതെ യൂറോപ്യൻ രാജ്യങ്ങളായ          സ്വീഡൻ, ജർമനി എന്നിവിടങ്ങളിൽ സേലം എന്ന സ്ഥലം.  വെസ്റ്റ് ഇൻഡീസ്,  ഇൻഡോനേഷ്യ(ജാവ) എന്നിവിടങ്ങളിലും സേലം എന്ന പേരിൽ സ്ഥലം.  കോളേജ്, തുറമുഖം, മൂസിയം തുടങ്ങിയ സ്ഥാപനങ്ങൾ ഈ പേരിലുണ്ട്.

സേലം മന്ത്രവാദിനി വേട്ട

സേലം വിച്ച് ഹണ്ട് എന്ന പേരിൽ കുപ്രസിദ്ധമായ സംഭവം. 1692- ൽ. അന്ന് അമേരിക്കൻ ഐക്യ നാടുകൾ നിലവിൽ വന്നിട്ടില്ല. ബ്രിട്ടീഷ് കോളനികൾ ആയ പ്രവിശ്യകൾ തമ്മിൽ തല്ലിയ കാലം.   മസാച്യുസെറ്റ്സ് ഒരു കോളനി. അതിൻ്റെ തീരത്ത് സേലം തുറമുഖം. ഉള്ളിലേക്ക് മാറി സേലം ഗ്രാമം. കർഷക ഗ്രാമ മായിരുന്നു സേലം. ഇവിടെയുള്ള കുറെ പേർക്ക് സേലം  തുറമുഖത്ത് പല വിധ ജോലികൾ ഉണ്ടായിരുന്നു.  ദിവസവും ജോലിയും അതനുസിച്ചുള്ള വരുമാനവും കാരണം തുറമുഖ ജോലിക്കാരുടെ ജീവിത നിലവാരം ഉയർന്നു.  തുറമുഖ ജോലിക്കാരും കർഷകരും രണ്ടു തട്ടുകളിൽ ജീവിച്ചു.  മാത്രമല്ല രണ്ടു തുരുത്തുകൾ ആയി അവർ കഴിഞ്ഞു കൂടി. ഇതിനിടയിൽ കോളനികളിൽ ഇംഗ്ലണ്ടും ഫ്രാൻസും തുടങ്ങിയ യുദ്ധത്തിൻ്റെ ഫലമായി അഭയാർത്ഥികൾ സേലം ഗ്രാമത്തിലേക്ക് ഒഴുകി. മന്ത്രവാദവും ഫലം പറച്ചിലും നിരക്ഷരരും ദരിദ്രരും ആയ കോളനി വാസികളുടെ ഹരമായി.  സമ്പത്ത് കൂടുമ്പോൾ വിശ്വാസം, കുറയ്മ്പോൾ മന്ത്രവാദം.  ഇതാണ് മനുഷ്യ ജീവിയുടെ രീതി.

സംഭവത്തിൻ്റെ നാൾവഴി

ഇവിടേക്ക് സാമുവൽ പാരിസ് എന്ന പുതിയ വികാരി വരുന്നു. ദുരാഗ്രഹിയു.   കടുംപിടുത്തക്കരനും ആയിരുന്നു വികാരി. 1692. ജനുവരി മാസം. വികാരിയുടെ ഒമ്പത് വയസ്സായ മകൾ എലിസബത്തും, പതിനൊന്നു വയസ്സായ അനന്തിരവൾ അബിഗെയിലും ബാധയിളക്കത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.  കയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിയുക, ആർത്തു കരയുക, കൂവി വിളിക്കുക, ശരീരം കോച്ചി വലിയുക എന്നിവ ആയിരുന്നു ലക്ഷണങ്ങൾ.  സ്ഥലത്തെ വൈദ്യൻ കുട്ടികൾക്ക് പ്രേത ബാധ ഉണ്ടെന്ന് വിലയിരുത്തി.  മൂന്നാമതൊരു കുട്ടിയിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

ജോനാതൻ കോർവിൻ, ജോൺ ഹാതോൺ എന്നിവർ സ്ഥലത്തെ മുഖ്യ വ്യക്തികൾ ആയിരുന്നു. രണ്ടു പേരും കച്ചവടക്കാർ. ധനികർ. ഭൂവുടമകൾ.  അതുകൊണ്ടു തന്നെ അവർ സ്ഥലത്തെ മജിസ്ട്രേറ്റ്മാരും ആയിരുന്നു.  അവർ 
സമ്മർദ്ദം ചെലുത്തിയതിൻെറ ഫലമായി കുട്ടികൾ സ്ഥലത്തെ മൂന്നു പേരിൽ കുറ്റം ചാരി- ടിടൂബ, സാറാ ഗുഡ്, സാറാ ഓസ്ബോൺ എന്നീ സ്ത്രീകൾ തങ്ങളെ മന്ത്രവാദത്തിന് കീഴ്പ്പെടുത്തി എന്നായിരുന്നു കുട്ടികളുടെ ആരോപണം.  ടിടൂബ വികാരിയുടെ അടിമ ആയിരുന്നു. കരീബിയൻ ദ്വീപുകാരി. സാറാ ഗുഡ് വീടും കുടിയുമില്ലത്ത യാചകി.  സാറാ ഓസ്‌ബോൺ നിർദ്ധനയായ ഒരു വൃദ്ധ.  കച്ചവട മജിസ്ട്രേറ്റ്മാരെ ഇങ്ങനെയൊരു കള്ളക്കേസ് ഉണ്ടാക്കാൻ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷണം ഉണ്ടായില്ല. മൂന്നു പേരെയും അറസ്റ്റ് ചെയ്തു  ചോദ്യം ചെയ്യൽ തുടങ്ങി.  ഏറെ നാളത്തെ ചോദ്യം ചെയ്യലിനിടെ ടിടൂബ കുറ്റ സമ്മതം നടത്തി.  മറ്റു രണ്ടു പേരും തങ്ങൾ നിരപരാധികൾ ആണെന്ന് ഉറച്ചു നിന്നു.  ടിടൂബയുടെ മായ കാഴ്ചയുടെ വിശദാംശങ്ങൾ പിന്നെയും വന്നു. കറുത്ത പട്ടി, ചുവന്ന പൂച്ച, മഞ്ഞക്കിളി, പുസ്തകത്തിൽ ഒപ്പിടാൻ നിർബന്ധിക്കുന്ന കറുത്ത മനുഷ്യനും.  എന്തായാലും മൂന്നു പേരും ജയിലിലായി.
ഇതിനിടെ മന്ത്രവാദിനി വേട്ട ജനത്തിന് ഹരമായി. കൂടുതൽ പരാതികൾ ഉയർന്നു തുടങ്ങി.  മന്യന്മാരും പള്ളി അധകാരികളും പ്രതി പട്ടികയിൽ വന്നു.  അന്ധ വിശ്വാസം ആണെങ്കിൽ പോലും അത് ഒരു ജനതയിൽ സന്നിവേശിച്ചാൽ എത്ര ശക്തമാകും എന്നതിൻ്റെ ഉദാഹരണം കൂടിയാണ് സംഭവം.

കുറ്റ വിചാരണയ്ക്ക് പ്രത്യേക കോടതി നിലവിൽ വന്നു. Court of Oyer and Terminer . പരാതി കേൾക്കുക ഉടനെ വിധിക്കുക. ഇതായിരുന്നു കോടതിയുടെ പ്രവർത്തന ശൈലി. കോടതി ആദ്യമായി വിധി പറഞ്ഞത് Bridget Bishop എന്ന സ്ത്രീയുടെ കേസ്.  പരാതി കേട്ട് വിധിക്കുന്ന കോടതി അവരെയാണ് ആദ്യം തൂക്കിലേറ്റാൻ വിധിക്കുന്നത്.  തുടർന്ന് ഇരുപത് പേരെ മന്ത്രവാദി എന്ന് മുദ്ര കുത്തി തൂക്കി കൊന്നു.  അവസാനം ഗവർണറുടെ ഭാര്യയെ വിചാരണയ്ക്ക് വിളിച്ചപ്പോൾ കോടതി പിരിച്ചു വിട്ടു.   സേലം വിചാരണ തെറ്റായിരുന്നു എന്ന് പിന്നീട് വിലയിരുത്തി. തടവിൽ ഉണ്ടായിരുന്നവരെ മുഴുവൻ മോചിപ്പിച്ചു.  വധിക്കപ്പെട്ട വരുടെ ബന്ധുക്കൾക്ക് നഷ്ട പരിഹാരം നൽകി.


നമ്മുടെ ചില സംസ്ഥാനങ്ങളിൽ നിന്നും ദുർമന്ത്രവാദിനികളെ തല്ലിക്കൊന്ന വാർത്തകൾ ഇടക്കൊക്കെ വരാറുണ്ട്.  അവിടത്തെ ജന സമൂഹങ്ങൾ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ ആണെന്ന് ഇത് കാണിക്കുന്നു. സാങ്കേതിക മുന്നേറ്റം സമൂഹത്തിൽ ശാസ്ത്രീയ ബോധം വളർത്തുന്നില്ല. 

ഇംഗ്ലണ്ട് അമേരിക്കയിൽ

ഇംഗ്ലണ്ടിൽ നിന്നുള്ള കുടിയേറ്റം അമേരിക്കയിലെ 
ഇംഗ്ലണ്ടിൻ്റെ കോളനികളിൽ നാട്ടിലെ  നഗരങ്ങളെയും ഗ്രാമങ്ങളെയും പുനസൃഷ്ടിച്ചു.  അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റ് ആയ ജോർജ് വാഷിംഗ്ണിൻ്റേ പൂർവികർ ഇംഗ്ലണ്ടിലെ വാഷിങ്ടൺ പട്ടണത്തിൽ ആയിരുന്നു.  അമേരിക്കയിലെ വാഷിംഗ്ൺ D.C എന്ന പേര് കാർബൺ കോപ്പിയാണ്.  കേസരി ബാലകൃഷ്ണപിള്ള സ്ഥലചലനം എന്നു വിളിച്ച പ്രതിഭാസം.  ഇനിയുമുണ്ട് കാർബൺ കോപ്പികൾ.  ഇംഗ്ലണ്ട്, ലണ്ടൻ, വെസ്റ്റ്മിനിസ്റർ, ഓക്സ്ഫോർഡ്, ഡോവർ എന്നിങ്ങനെ നിരവധി സ്ഥല നാമങ്ങൾ.  ഡോവർ ഡിക്കൻസിൻ്റെ Tale of Two Cities എന്ന നോവലിൽ ആവർത്തിച്ചു വരുന്നുണ്ട്.

നമ്മുടെ സേലം

പഴയ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു സേലം. മലയാളികൾക്ക് ചിരപരിചിതം.  മദ്രാസ് ബേപ്പൂർ ടെർമിനസ് റെയിൽ ലൈനിൻ്റെ ഭാഗമായി 1860 കളിൽ   സേലം  റെയിൽ  സ്റ്റേഷൻ നിലവിൽ വന്നു. കൊങ്ങുനാടിൻ്റെ ഭാഗമായിരുന്നു സേലനാട് അഥവാ സേരനാട്. ആദി ചേരരുടെ ആസ്ഥാനം കൊടുങ്ങല്ലൂർ ആണെന്ന് നമ്മുടെ ചരിത്രകാരൻ. മുസിരിസ് കൊടുങ്ങല്ലൂർ ആണു പോലും. മാകോതൈ, മഹോദയപുരം എന്നൊക്കെ പറയുന്നു.  എന്തും സംസ്കൃതം ആയാലേ പ്രൗഢ ഗംഭീരമാകൂ എന്നാണ് വിശ്വാസം.  എഴുത്തചഛൻ്റെ കാലത്തോടെ പച്ച മലയാളം നാട്ടീന്ന് പോയി.  ഒറിജിനൽ മുചിരി അവിടെ തമിഴകത്ത്, കാവേരിയുടെ കരയിൽ.  കരൂർ ജില്ലയിലെ പട്ടണം.  കൊങ്ങു നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും ആദി ചേര കാലത്തെ സ്വർണ നാണയം, പ്രത്യേകിച്ചും കരൂർ ജില്ലയുടെ പലയിടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്.  ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനം കരൂർ ആയിരിക്കണമെന്നും പതിറ്റുപത്തിൽ പറയുന്ന രാജാക്കന്മാർ തമിഴ്നാട്ടിൽ ഉള്ളവർ ആണെന്നും ഇപ്പോഴത്തെ തീരുമാനം.

സേലം കേരളത്തിൽ

എറണാകുളം ജില്ലയിൽ, വെങ്ങോല
 ഗ്രാമപഞ്ചായത്തിലെ സ്ഥലം.

സേലം ഹൗസ്

David Copperfield എന്ന നോവലിൽ കുപ്രസിദ്ധമായ ഗുരു കുല വിദ്യാ കേന്ദ്രം.  Creakle ഉം ഭാര്യയും ഉടമസ്ഥരായ, നടത്തിപ്പുകാരായ സ്വകാര്യ സ്ഥാപനം.  ഡേവിഡിനെ അമ്മയിൽ നിന്നും അകറ്റാൻ രണ്ടാനച്ഛൻ കണ്ടെത്തിയ സ്ഥലം.  അയാളുടെ ക്രൂര മർദ്ദനത്തിൽ നൊന്ത ഡേവിഡ് അയാളുടെ കൈ കടിച്ചു.  അതിൻ്റെ ചൊരുക്ക് തീർക്കാനും കൂടിയാണ് ഡേവിഡിനെ സേലം ഹൗസിൽ ചേർത്തത്.  ഡേവിഡ് അവിടെ ചെന്ന ദിവസം തന്നെ Creakle ഒരു സ്റ്റിക്കർ എഴുതി: ഇവനെ സൂക്ഷിക്കുക. ഇവൻ കടിക്കും. അത് ഡേവിഡിൻ്റെ മുത്കത്ത് ഒട്ടിച്ചു വെച്ചു.  എങ്ങനെയുണ്ട് അന്നത്തെ റാഗിംഗ്.  അവസാനം മുതിർന്ന വിദ്യാർത്ഥി സ്‌റ്റീർഫോർത് ( ആൾ യുവാവാണ്)  വന്ന് ആ സ്റ്റിക്കർ പറിച്ച് ദൂരെ എറിയുന്നു.  Hall Mark enna ചാനൽ സംപ്രേക്ഷണം ചെയ്ത David Copperfield എന്ന സിനിമയിൽ ഇത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 

സേലം ഹൗസ് ജയിലിന് സമാനം എന്ന് ഡേവിഡ് പിന്നീട് ഓർക്കുന്നു.
   





.


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒന്ന്: ഊരിൻ പേരും പേരിൻ വേരും

കോഴി തലയായ ദേശങ്ങൾ

മൂന്ന് : പായം മുതൽ നീരോടി വരെ.- ഊരിൻ പേരും പേരിൻ്റെ വേരും - തുടരുന്നു.