കേരളം : പ്രളയത്തിൻ്റെ കരവിരുത്

1924 ജൂലായ് മാസം. മഴ തകർത്തു പെയ്യുന്നു.  ഓച്ചാംതുരുത്തുകാർ വെളുപ്പിനെ ഉറക്കമുണർന്നു പടിഞ്ഞാട്ട് നോക്കി. അൽഭുതം. കടൽ കാണുന്നില്ല. കടൽ നിന്നിടത്ത് വളരെ നീളത്തിൽ, വളരെ വീതിയിൽ ഗോതമ്പ് കുറു ക്കിയതു പോലെ ചളി അടിഞ്ഞു കൂടി യിരിക്കുന്നു.  ദിവസങ്ങൾ കഴിയുംതോറും കടൽ വാങ്ങി (പിറകോട്ടു പോയി) ചളി വെച്ച കര ഉണ്ടാകുന്നു. കരവെപ്പ് = (കടലായിരുന്ന ഇടം കര ആകുന്നത് )എങ്ങിനെ എന്ന് അവർക്ക് വെളിവായി.  ചളിയിൽ അങ്ങിങ്ങ് കെട്ടി കിടക്കുന്ന വെള്ളം തോടായി. ചെറുതും വലുതുമായി ഒന്നിലധികം തോട്.  കേരളം ഉണ്ടായത് എങ്ങനെ എന്ന് അവർ മനസ്സിൽ കണ്ടു.  ചളി നിറഞ്ഞ വളക്കൂറുള്ള മണ്ണിൽ പുല്ല് തഴച്ചു വളർന്നു.  പുല്ല് അരിയാൻ ആളുകൾ അങ്ങോട്ട് കയറി തുടങ്ങി.  പിന്നെ കാലികളെ മേയാൻ വിട്ടു.  ഓച്ചാംതുരുത്തുകാർ പെരുത്തപ്പോൾ കുറെ പേർ കുടുംബം പിരിഞ്ഞ് പുതിയ കരയിൽ കയറി പുര വെച്ച് താമസം തുടങ്ങി.  ദൂരെ കൊച്ചിയിൽ നിന്നും, ഒരു പക്ഷെ,    സമ്മർദ്ദം കാരണം ആളുകൾ കുടിയേറിയിരിക്കാം.   കരയ്ക്കു  പേരുമായി- പുതു വൈപ്പിൻ.

1924 ഏറെ അകലെയല്ല. വെറും നൂറു കൊല്ലത്തിനും താഴെ. ലക്ഷങ്ങളുടെ ചരിത്രം പേറുന്ന  മനുഷ്യ വംശം കണ്ണടച്ച് തുറക്കുന്ന സമയം.  മുല്ലപ്പെരിയാർ അണക്കെട്ട് മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളൂ. 1895 ലാണ് അത് കമ്മീഷൻ ചെയ്തത്.

കുണ്ടള വാലി റയിൽ

പടിഞ്ഞാറ് പുതിയ കര വെച്ചെങ്കിലും കിഴക്ക് മല ഇടിഞ്ഞ് ഒലിച്ചു പോയി. കരിന്തിരി മല എന്ന കൂറ്റൻ മല.  മലയ്ക്ക് ഒപ്പം മൂന്നാറി ലേക്കുള്ള നിരത്തും ഒലിച്ചു പോയി.  മൂന്നാറിൽ അക്കാലത്ത് മോണോ റെയിൽ ഉണ്ടായിരുന്നു.  അതും ഒലിച്ചു പോയി. കുണ്ടള വാലി റയിൽ എന്നായിരുന്നു അതിൻ്റെ പേര്.  മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷൻ വരെ മോണോ റെയിൽ ഓടും.  തേയിലയും കൊണ്ടാണ് ഓട്ടം. ടോപ് സ്റ്റേഷനിൽ നിന്നും ബോട്ടം സ്റ്റേഷനിലേക്ക് റോപ് വേ.  അവിടെ നിന്നും 15 കി. മി. അകലെ ബോടിനായ്‌കന്നൂരി ലേക്ക്. അവിടെ നിന്നും ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേക്കും.  മോണോ റെയിൽ പേരു പോലെ ഒറ്റ പാളത്തിലാണ് ഓടുന്നത്.  മുന്നിലും പിന്നിലും ഓരോ ചക്രം. വശത്തെ വലിയ ചക്രം റയിലിന് സമാന്തരമായ വീതി കുറഞ്ഞ നിരത്തിൽ ഉരുളും, വീഴാതിരിക്കാൻ.  ആദ്യം കാളയെ പൂട്ടിയാണ് വണ്ടി ഓടിച്ചത്. ബോടിനായ്കന്നൂർ മധുര ലൈൻ പൂർത്തി ആയപ്പോൾ മൂന്നാർ ടോപ് സ്റ്റേഷൻ ലൈനും നാരോ ഗേജായി. പിന്നെ കൽക്കരിയായി. പക്ഷെ, 1924 - ലെ പ്രളയത്തിൽ ഒലിച്ചു പോയി.

കരിന്തിരി മല

ആലുവായിൽ നിന്നും മൂന്നാറിലേക്കുള്ള പഴയ പാത കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോളുനട, കുഞ്ചിയാർ, പെരമ്പങ്കുത്ത് വഴി മൂന്നാറിൽ എത്തുന്നു.  പൂയംകുട്ടിക്കും പെരമ്പങ്കുത്തിനും ഇടയിലായിരുന്നു കരിന്തിരി മല.  അന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കരിന്തിരി മല മുങ്ങി.  പെരിയാറിൻ്റെ കൈവഴി ആയ മുതിരപ്പുഴയിൽ, ഉരുൾപൊട്ടലിൽ ഇടിഞ്ഞ് ഇറങ്ങിയ പാറയും മണ്ണും ചളിയും കാടും ചെന്ന് മാട്ടുപ്പെട്ടിയിൽ അണയായി. മഴ നിർത്താതെ, പിന്നെയും തുടർന്നപ്പോൾ ആ അണ പൊട്ടി ഉണ്ടായ മല വെള്ളപ്പാച്ചിലിൽ കരിന്തിരി മല ഒലിച്ചു പോയി. കൂടെ മൂന്നാറിലേക്കുള്ള നിരത്തും ഒലിച്ചു പോയി.  അതാണ് ഓച്ചം തുരുത്തിന് പടിഞ്ഞാറ് പൊന്തി, പുതിയ കര ആയത്

1341- ലെ പ്രളയം 

അഞ്ചാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും പ്രളയം ഉണ്ടായതായി ഭൗമ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.  എവിടെയും രേഖപ്പെടുത്തിയിട്ടില്ല.  സൂചനകൾ വെച്ച് കേരളത്തിൻ്റെ ഭൂ പ്രകൃതിയും ഉപരിതല ഘടനയും മാറ്റി മറിച്ചു 1341ലെ പ്രളയം. ( കൊല്ല വർഷം 516) പ്രളയം കേരളത്തിൻ്റെ തീരദേശങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.  ഭൂകമ്പവും സുനാമിയും അതി വർഷവും ഉണ്ടായതാവാം കാരണം.  അന്ന് പെരിയാറിൽ അണക്കെട്ടില്ല, കേരളത്തിലെ ഒരു നദിക്ക് കുറുകെയും അണക്കെട്ട് ഇല്ല.  ഇന്ന് കേരളത്തിൻ്റെ വിസ്തീർണം 38,863 ച. കി. മീ.  അന്ന് ഇത്രയും വരാൻ വഴിയില്ല.  മൺസൂൺ കാലത്തെ, കിഴക്കൻ മലകൾക്ക് മീതെ കനത്തു നിന്ന കരി മുകിൽ കെട്ടി പെയ്ത്ത് ആയി 41 പുഴകളിലൂടെ പടിഞ്ഞാറോട്ട് കുത്തി ഒലിച്ച് കൂടെ കൂട്ടിയ മലയും മണ്ണും ചളിയും കാടും ചപ്പും കാലാന്തരത്തിൽ ഉണ്ടാക്കി എടുത്തതാണ് ഇന്നു കണക്ക് കൂട്ടി വെച്ച 38,863 ച. കി. മീ.  ഇതിനിടെ പുഴകളും അവ ഒഴുകിയ വഴിയും ഒക്കെ മാറി.          1924- ൽ കരിന്തിരി മല ഒലിച്ചു പോയത് ചരിത്രത്തിൽ രേഖ പ്പേടുത്തിയിട്ടുണ്ട്.  അത് പുതു വയ്പ്പ് ആയി ഓച്ചാംതുരുത്തിനു പടിഞ്ഞാറ് പൊങ്ങി.  1341 ലെ പ്രളയത്തിൽ ഉണ്ടായതാണ് വൈപ്പ്- വെച്ചത്.
പുതു വൈപ്പിനെ അപേക്ഷിച്ച് വയ്പ്പ് അതിലും വലിയ ഭൂമിയാണ്.  തീർച്ചയായും, നമുക്കറിയാത്ത ഏതൊക്കെയോ മല 1341-ൽ ഒലിച്ചു പോയിട്ടുണ്ടാവണം.  വൈപ്പ് ഒറ്റ അടിക്ക് ഉണ്ടായത് എന്നാണ് പല ഇടങ്ങളിലും കാണുന്നത്.  സ്ഥല നാമങ്ങൾ വിശകലനം ചെയ്യുമ്പോൾ  ചില സ്‌ഥലങ്ങൾ പിന്നീട് ഉണ്ടായത് എന്ന് മനസ്സിലാക്കാം.  ചെറു വയ്പ്പ്, അണിയിൽ ( അണി= ചേരുക ),  ചെറായി ( ചേർ = കടൽ) കടപ്പുറം എന്നീ ഊരുകൾ പിന്നീട് ഉണ്ടായതായിരിക്കാം.  ക്രമേണക്രമേണ നടക്കുന്നതാണ് കരവെപ്പ്. 

മുനമ്പം

വൈപ്പിൻ്റെ ഭാഗമായ മുനമ്പം നേരത്തെ ഉണ്ടായിരുന്നോ? ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന പുസ്തകത്തിൽ ജിയോളജിക്കൽ ഡയറക്ടർ ആയിരുന്ന ഐ. സി. ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് പി. കെ. ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു: " ക്രിസ്ത്വബ്ദം ആദ്യ ശതകങ്ങളിൽ ഒരു കപ്പലിന് കൊടുങ്ങല്ലൂരിൽ നിന്നും നദികൾ ലഗൂണുകൾ എന്നിവയിലൂടെ നിരണത്തേക്ക് യാത്ര ചെയ്യാമായിരുന്നു. മുനമ്പം, പുറക്കാട് എന്നിവിടങ്ങളിലെ പൊഴികളിലൂടെ കപ്പലുകൾക്ക് ലഗൂണുകളിൽ കടന്ന് സഞ്ചരിക്കാമായിരുന്നു.  ആ പൊഴികൾ ഒക്കെ ഇന്ന് അടഞ്ഞു പോയി." ഐ. സി. ചാക്കോയുടെ ജീവിത കാലം 1875 മുതൽ 1966 വരെയാണ് എന്ന് ഓർക്കുക. A.D. രണ്ടാം ശതകത്തിലെ കാര്യമാണ് മുകളിൽ കൊടുത്തത്.  അതിനർത്ഥം 1341- ൽ   വൈപ്പിൻ ഉണ്ടാകുന്നതിനു മുമ്പ് മുനമ്പം ഉണ്ടായിരുന്നു എന്നല്ലെ?  ഒരു പക്ഷെ, വൈപ്പിൻ മാത്രമായിരിക്കാം 1341ലെ പ്രളയം വെച്ച കര. ചെറുവയ്പ്പ്, അണിയൽ, ചെറായി എന്നിവ പിന്നീട് കടൽ വെച്ച കരകൾ ആവാം. മുനമ്പം നേരത്തെ തന്നെ ഉണ്ടാവാം.  ഇന്നത്തെ വേമ്പനാട്ടു കായൽ പണ്ട് ഉൾക്കടൽ ആയിരിക്കാം  കടലിനും ഉൾക്കടലിനും ഇടയിൽ ധാരാളം തുരുത്തുകൾ ഉണ്ടായിട്ടുണ്ടാവണം.  തുരുത്തുകൾ ക്കിടയിലുള്ള പൊഴികൾ പ്രളയത്തോടെ നികന്നതാവണം.  ഇങ്ങനെ നികന്നപ്പോൾ മുനമ്പത്തിൻ്റെ വടക്ക് അറ്റം വീണ്ടും വടക്കോട്ട് നീളുകയും അഴി ചുരുങ്ങി ആഴം കുറഞ്ഞതാവണം.  അത് കൊടുങ്ങല്ലൂർ തുറയെ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് നയിച്ചിരിക്കാം.

കടൽ വെച്ച ഊരുകൾ


 വെച്ച ഊരുകൾ വേറെയുമുണ്ട് കേരളത്തിൽ.  
വക്കം, വൈക്കം, വൈപ്പേൽ പടി, വൈക്കത്തില്ലം, ബേപ്പൂർ, കടലൂർ, കടയ്ക്കരപ്പള്ളി, കടയ്ക്കാവൂർ, കടയ്ക്കമൺ, കടലായി തുടങ്ങിയവ.

കൊർക്കൈ


ഇത്തരം കരവെപ്പുകൾ കിഴക്കൻ തീരത്തും കാണാം -  കടലൂർ. 
ദക്ഷിണേന്ത്യൻ ചരിത്രം എന്ന ഗ്രന്ഥത്തിൽ കെ. എ. നീലകണ്ഠ ശാസ്ത്രി ഇങ്ങനെ എഴുതുന്നു:-  "കോറമണ്ടൽ തീരത്തിൻ്റെ നിരപ്പിൽ പുരാതന ചരിത്ര കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് പല വിധത്തിലാണ് സാക്ഷ്യങ്ങൾ നൽകപ്പെടുന്നത്.  തിരുനെൽവേലി തീരത്ത് ഒരു കാലത്ത് സമ്പന്ന വാണിജ്യ നഗരങ്ങൾ ആയിരുന്നവയും പതിമൂന്നാം നൂറ്റാണ്ടിൽ പുഷ്ടി പ്രാപിച്ചവയുമായിരുന്ന കോർക്കൈ, കായൽ എന്നീ പട്ടണങ്ങൾ ഇപ്പോൾ സമുദ്രത്തിൽ നിന്നും മൈലുകൾ അകലെ പൂഴി മണൽ കുന്നുകളിൽ ആണ്ടു പോയിരിക്കുകയാണ്."  ഇന്ന് കൊർക്കൈ താമിരഭരണി നദിയിൽ നിന്നും 3 കി. മീ. വടക്കും കടലിൽ നിന്നും 6 കി. മീ. ഉള്ളിലേക്കും സ്ഥിതി ചെയ്യുന്നു.  ഒരു കാലത്ത് നദിയുടെ പതന സ്ഥലത്ത് കടൽക്കരയിൽ ആയിരുന്നു കൊർക്കൈ.  നദി കൊണ്ടുവന്ന എക്കൽ സ്ഥലത്തെ ഉള്ളിലേക്ക് തള്ളി.  പാണ്ഡ്യ രാജ്യത്തിൻ്റെ തലസ്ഥാനം. പവിഴത്തിന് പേര് കേട്ട സ്ഥലം.

ബാറ്റൺ റൂഷ് മുതൽ ന്യൂ ഓർലീൻസ് വരെ


ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ ഇത്തരത്തിൽ ഉള്ള കരവെപ്പു കാണാം.  ലൈഫ് ഓൺ ദി മിസ്സിസ്സിപ്പി എന്ന ഓർമ്മ കുറിപ്പിൽ മാർക് ട്വെയിൻ, മെക്സിക്കോ ഉൾ കടലിലേക്ക് ഓരോ വർഷവും നദി തള്ളുന്ന ചളിയുടെ അളവ് 406 ദശ ലക്ഷം ടൺ എന്ന് എഴുതുന്നു.  ബാറ്റൺ റൂഷ് ( Baton Rouge ) മുതൽ മെക്സിക്കൻ ഉൾക്കടൽ വരെയുള്ള 200 മൈൽ ദൂരത്തിൽ കര വെച്ചത് മിസ്സിസ്സിപ്പി നദി ആണെന്ന് അദ്ദേഹം തുടർന്ന് നിരീക്ഷിക്കുന്നു.  ന്യൂ ഓർലീൻസ് ഒരു പക്ഷെ ഇങ്ങനെ രൂപമെടുത്തതായിരിക്കാം.

മർമര കടൽ

കരവെപ്പ് കടലിനെ തുരുത്ത് ആക്കി മാറ്റിയതും നമുക്ക് കാണാം.  തുർക്കിയിൽ, അതിൻ്റെ യൂറോപ്യൻ ഭാഗത്തെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന മർമര കടൽ.  കരയാൽ ചുറ്റ പ്പെട്ട ഉൾനാടൻ കടൽ (inland sea ). ഈജിയൻ കടലിനെയും കാസ്പിയൻ കടലിനെയും ഇണക്കുന്ന ചെറിയ കടലിടുക്ക്.


Natural History എന്ന ഗ്രന്ഥത്തിൽ റോമൻ ചരിത്രകാരനായ പ്ലിനി  ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ കുറിച്ച് ഇങ്ങനെ എഴുതി: ഗോത്രങ്ങൾ, തുറമുഖങ്ങൾ, പട്ടണങ്ങൾ, എന്നിവയുടെ പേരുകൾ മുമ്പുള്ള ഗ്രന്ഥങ്ങളിൽ ഒന്നും കാണുന്നില്ല.  ആ പ്രദേശത്തിൻ്റെ ഭൂ പ്രകൃതി മാറിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവ് ആണിതെന്ന് തോന്നുന്നു. ഒന്നാം നൂറ്റാണ്ടിൽ എഴുതിയത്താണ് Natural History.   ഒരു കാലത്ത് കടൽ സഹ്യാദ്രി വരെ ഉണ്ടായിരിക്കണം

ജതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിൽ പി. കെ. ബാലകൃഷ്ണൻ എഴുതി: ഇന്നത്തെ കേരളത്തിൽ ഉൾ നാടുകൾക്കും. കടലോര പ്രദേശങ്ങൾക്കും ഇടയിൽ ഉടനീളം ചിതറി കിടക്കുന്ന കയാലുകളുടെ  മൊത്തം          വിസ്തീർണം 360 ച. കി. മീ വരും.  ഈ കായലുകളോട് തൊട്ടു കിഴക്കു വശത്ത് ഇടവിട്ടും, അവയ്ക്ക് പടിഞ്ഞാറായി ഇട തൂർന്നും കടൽ വെച്ചുണ്ടായ മണൽ പ്രദേശങ്ങൾ ആണല്ലോ കേരളത്തെ കേര കേദാര ഭൂമി ആക്കിയത്.
നാലാമത്തെ മേഖല ആറ്റു വെപ്പും കടൽ വെപ്പും ആണ്.  വർക്കല കല്ലുകൾ ഭൂകമ്പം കൊണ്ടോ മറ്റോ പൊന്തി വന്നതിൽ പിന്നെ വളരെ നാളത്തേക്ക് ഈ മേഖല കടലായിരുന്നു.  അക്കാലത്ത് ഈ മേഖലയുടെ കിഴക്കേ അരികിൽ കോട്ടയം ചങ്ങനാശ്ശേരി മുതലായ സ്ഥലങ്ങൾ വരെ കടൽ കിഴക്കോട്ട് പിരിഞ്ഞു കിടന്നിരുന്നു.  ഇതിനു ലക്ഷ്യമായിട്ട് ചങ്ങനാശ്ശേരിയിൽ കടലിൽ മാത്രമുണ്ടാവുന്ന കക്കകൾ പവിഴം മുതലായവയുടെ അവശേഷങ്ങൾ കാണാറുണ്ട്. പെരിയാർ, മൂവാറ്റുപുഴയാർ, പമ്പയാർ മുതലായ നദികൾ ഈ കടലിലേക്ക് ആണ് ഒഴുകിക്കൊണ്ടിരുന്നത്.  ഈ ആറുകളിൽ കൂടി മണലും ചളിയും ഒരു വരമ്പു പോലെ വന്നു കൂടി.  ഈ വരമ്പാണ് ഇപ്പോഴത്തെ നമ്മുടെ കടൽ തീരം.  ഈ ആറുകളിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിന് കടലിലേക്ക് ഒഴിഞ്ഞു പോകുന്നതിനായി വരമ്പുകളിൽ ചില മടകൾ ഉണ്ടായി തീർന്നു.  ഈ മടകളാണ് ഇപ്പോൾ കാണുന്ന അഴികൾ അല്ലെങ്കിൽ പൊഴികൾ.  ഇതിനു ശേഷം ആറുകളിൽ കൂടി ഒഴുകി വന്ന മണലും ചളിയും ഈ വരമ്പിനുള്ളിൽ തങ്ങി തുടങ്ങി.  ഇങ്ങനെ മണലും ചളിയും വീണു നികന്ന ഭാഗം കരിയും പുഞ്ചയും ആയി തീർന്നു.  അതുകൊണ്ടാണ് ഈ മേഖല കടൽ വെപ്പും ആറ്റു വെപ്പും ആകുന്നത്.  കൊല്ലത്തിനു തെക്കോട്ട് ഇത് വീതി കുറഞ്ഞും വടക്കോട്ട് വീതി കൂടിയും ഇരിക്കാൻ കാരണം വടക്കുള്ള നദികൾ വലുതും ശക്തി കൂടിയതും ആണ്.
പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന കഥ ധിഷണാശാലിയും, നിരീക്ഷണ പടുവും ഭാവനാ സമ്പന്നനുമായ അജ്ഞാതൻ്റെ വകയാണ്.  കടലും തീരവും ആയി നിത്യ സമ്പർക്കത്തിൽ ഉണ്ടായിരുന്ന സഞ്ചാരി ആയിരിക്കണം അദ്ദേഹം. ഒരു കഥയിൽ മഴു ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്കും മറ്റേതിൽ തിരിച്ചും എറിഞ്ഞിരിക്കുന്നു. ഒരു പക്ഷെ, ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്കോ തിരിച്ചോ അദ്ദേഹം  നടന്നും കടത്ത് കടന്നും സഞ്ചരച്ചിട്ടുണ്ടകാം.      വഴിയിൽ കണ്ട നാട്ടു കാരുമായി കൊടുക്കൽ വാങ്ങൽ നടന്നിരിക്കണം.
ബലത്തിനും ആളെ കൂട്ടാനും ആയിരിക്കാം തൻ്റെ നിരീക്ഷണത്തെ കഥയിൽ പൊതിഞ്ഞത്. ഒരു പക്ഷെ, കാർഷിക വിജ്ഞാനം കൈമുതലായുള്ള ബ്രാഹ്മണ കുടിയേറ്റക്കാർ കൃഷി ഭൂമിയിലെ അവകാശം സ്ഥപിക്കാൻ മെനഞ്ഞ കഥ ആയിരിക്കാം പരശുരാമൻ്റെ കേരള സൃഷ്ടി.
ഒരു കാലത്ത് കടൽ സഹ്യാദ്രിയിൽ ചെന്നു മുട്ടിയിരുന്നു എന്നതിൻ്റെ തെളിവ് മലവാരം എന്ന പഴയ പേര്.  ആറാം നൂറ്റാണ്ടിൽ വന്ന കോസ്മോസ് എന്ന വ്യാപാരിയും പിന്നീട് സന്യാസി യുമായ യാത്രികൻ മലെ എന്നാണ് കേരളത്തെ വിളിച്ചത്. ഇദ്ദേഹം ഭൂമി പരന്നത് ആണെന്ന് സിദ്ധാന്തം മുന്നോട്ടു വെച്ചു.  അതാണ് കോസ്‌മോസ് എന്ന പേരിൽ അറിയപ്പെട്ടത്.             മലയോട് വാരം ചേർന്നത് മലവാരം. വാരം =കടൽ
ഇത് അറബികൾ അവരുടെ ഭാഷയിൽ മലബാർ ആക്കി.
പ്രളയം ഒരു പക്ഷെ കരവെപ്പിന് ആക്കം കൂട്ടി യിട്ടുണ്ടാവാം.  41 നദികളിലൂടെ ഒലിച്ച് ഇറങ്ങിയ ചളിയും മണ്ണും കാടും ഉണ്ടാക്കി എടുത്തതാണ് ഇന്നു നാം കാണുന്ന കേരളം. ഇത് സാധ്യമാക്കിയത് സമൃദ്ധമായ മൺസൂൺ മഴയും.



 

  

 

  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Musiri of Tamil Nadu and The Musiris of Our Dream

കോഴി തലയായ ദേശങ്ങൾ

ഒന്ന്: ഊരിൻ പേരും പേരിൻ വേരും