കൃഷിയും പശു പരിപാലനവും മുഖ്യമായ ഒരു സമ്പദ് ഘടനയിലാണ് ചാണക്യൻ അർത്ഥ ശാസ്ത്രം രചിക്കുന്നത്. അധികാരത്തിൻ്റെ കേന്ദ്രം രാജാവ് ആയിരുന്നു. ഭരണ നിർവഹണത്തിൽ രാജാവിനും അദ്ദേഹത്തിൻ്റെ പരിവാരങ്ങൾക്കും ആശ്രയിക്കാവുന്ന ഒരു കൈപ്പുസ്തകം എന്ന നിലക്ക് വേണം ഗ്രന്ഥത്തെ കാണാൻ. ജനാധപത്യ ഭരണ ക്രമത്തിൽ ഇതിന് പ്രസക്തി ഇല്ല. സാമൂഹ്യ വ്യവസ്ഥയുടെ ക്രമാനുഗതമായ പുരോഗതി മനസ്സിലാക്കാൻ ഇതു പോലെയുള്ള ഗ്രന്ഥങ്ങൾ സഹായകമാണ്. B.C. രണ്ടാം നൂ്റ്റാണ്ടിൽ വിരചിതമായ ഗ്രന്ഥത്തെ പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട The Prince എന്ന ഗ്രന്ഥവുമായി താരതമ്യം ചെയ്യാറുണ്ട്. പക്ഷെ, ഈ താരതമ്യം അപ്രസക്തമാണ്. അർത്ഥ ശാസ്ത്രത്തിൻ്റെ സമഗ്രത The Prince ന് അവകാശപ്പെടാനാവില്ല. രാജകുമാരൻ മധ്യകാല ഇറ്റലിയിലെ നഗര രാഷ്ട്രങ്ങളിലെ രാഷ്ട്രീയം സംബന്ധിച്ചുള്ളതാണ്. പ്രാചീന നഗരം മൗര്യ സാമ്രാജ്യമായി വളർന്നതിനുശേഷം അതിനെ എങ്ങനെ കൊണ്ടു നടക്കാം എന്ന ചിന്തയാണ് ചാണക്യൻ പങ്കുവെക്കുന്നത്.
മൗര്യ സാമ്രാജ്യത്തിൻ്റെ മേൽക്കൂരയായി വർത്തിച്ചത് മഗധൻ മതം എന്നു വിശേഷിപ്പക്കാവുന്ന ബുദ്ധമതം ആയിരുന്നു. അർത്ഥ ശാസ്ത്രത്തേക്കാൾ നവീനമായ ഒരു ഭരണഘടന ഉണ്ടെങ്കിലും നേതാവ് രാജാവും പൗരന്മാർ പ്രജകളും ആയി തുടരുന്ന സമൂഹത്തിൽ ഭരണ ഘടന മൂല്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ ഏറെ ബുദ്ധിമുട്ടാണ്.
മധ്യകാല ഇറ്റാലിയൻ പാപൽ പ്രവിശ്യകളിലും അല്ലാത്തതും ആയി നിലനിന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കൃതിയാണ് മാക്കിവല്ലിയുടെ The Prince എന്ന ഗ്രന്ഥം. വഞ്ചന, ചതി, കുറ്റകൃത്യം എന്നിവയിലൂടെ രാജാധികാരം പിടിച്ചെടുത്ത് അധികാരം നിലനിർത്തുന്നതെങ്ങനെ എന്ന് മാക്കിവല്ലി ചിന്തിക്കുന്നു.
കൃഷി, പശു പരിപാലനം, കച്ചവടം, യുദ്ധം.
കൃഷി ആയിരുന്നു മുഖ്യ തൊഴിൽ. വേലക്ക് കൂലി എന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. വേലക്ക് പടിയായി നെല്ല് അളന്നു കൊടുക്കുന്ന സമ്പ്രദായം. വിഷ്‌ടി എന്നാണ് ഇതിനെ വിളിച്ചു വന്നത്. തൊഴിൽ, ക്ഷേത്രങ്ങൾക്ക് വേണ്ടി ആകുമ്പോൾ വിഷ്ടിയുടെ പേര് ഊഴിയം. Corvee എന്നാണ് ഇംഗ്ലീഷ്. യൂറോപ്പിലും ഇത് ഉണ്ടായിരുന്നു എന്നതിന് തെളിവ് ഇംഗ്ലീഷ് ഭാഷയിലെ കോർവി തന്നെ. വാക്കിൻ്റെ ഉത്ഭവം റോമിൽ. ഫ്രഞ്ച് വഴി ഇംഗ്ലണ്ടിൽ എത്തി. വ്യവസായ വിപ്ലവത്തിൻ്റെ തുടക്കം വരെ ഈ കൂലിയില്ലാ വേല ലോകം മുഴുവൻ നടപ്പിൽ ഉണ്ടായിരുന്നു. തമിഴകത്തും അതിൻ്റെ ഭാഗമായ കേരളത്തിലും ഇതിന് പടി എന്നു വിളിച്ചു. ഇതിൽ നിന്ന് പടിയൂർ എന്ന സ്ഥലനാമം ഉണ്ടായി. കണ്ണൂരും തൃശൂരും പിന്നെ തമിഴ് നാട്ടിലും പടിയൂർ കാണാം. കൂലിയില്ലാ വേല ക്ഷേത്രത്തിനുവേണ്ടി ആയാൽ ഊഴിയം വേല എന്നു വിളിച്ചു. കൃഷി നിലം, പടിക്ക് പണി എടുക്കാൻ തയ്യാറായി നിൽക്കുന്ന വർണ്ണ വ്യവസ്ഥക്ക് പുറത്തുള്ളവർ. ഇതു രണ്ടും ചേർന്നാൽ ഉത്പാദന വ്യവസ്ഥയിലെ മുഖ്യ ഘടകം ആയി. ഇതിനെ രണ്ടിനെയും ഇണക്കാൻ വർണ്ണ വ്യവസ്ഥയുടെ അടിത്തട്ടിൽ ശൂദ്രൻ. ഉത്പാദന മിച്ചം കൈമാറ്റം ചെയ്യാൻ ശുദ്രൻ്റെ മുകളിൽ വൈശ്യൻ. അന്യരുടെ സ്വത്ത് കൈക്കലാക്കുകയും, വർണ്ണ വ്യവസ്ഥ പിരമിഡ് പോലെ കാത്തു സൂക്ഷിക്കുകയും ക്ഷത്രിയ ധർമ്മം. വർണ്ണ വ്യവസ്ഥ ഉത്പാദന വ്യവസ്ഥ ആയിരുന്നു. മഗധൻ മതം എന്ന ബുദ്ധ മതം ഇതിന് തത്ത്വചിന്തയിലൂടെ പരിരക്ഷ നൽകി. ജീവിതം സുഖ ദുഃഖ സമ്മിശ്രമാണെന്നും ജീവിത ലക്ഷ്യം മോക്ഷമാണെന്നും പ്രചരിപ്പിക്കുക വഴി പരസ്പരം ശണ്ഠ കൂടുന്ന അസംഖ്യം ഗോത്രങ്ങളെ മെരുക്കി എടുക്കാൻ കഴിഞ്ഞു. വർണ്ണ വ്യവസ്ഥക്ക് പുറത്തുള്ള ഗോത്രങ്ങളെ ജാതി വ്യവസ്ഥയിൽ കൊണ്ടുവരുന്ന ശ്രമകരമായ ജോലി നിർവഹിച്ചത് ബ്രാഹ്മണർ ആയിരുന്നു. ബുദ്ധൻ്റെ കാലത്ത് പിരമിഡിൻ്റെ ഉച്ചിയിൽ ക്ഷത്രിയൻ ആയിരുന്നു. ബുദ്ധനും വർണ്ണ വ്യവസ്ഥയ്ക്ക് അകത്തു തന്നെ ആയിരുന്നു. ഒരു പക്ഷെ, ആളും അർത്ഥവും വരുതിയിൽ നിറുത്താൻ പരസ്പരം അറിഞ്ഞുള്ള വെച്ചു മാറ്റം. യാഗങ്ങളിലൂടെ ബ്രാഹ്മണർ രാജാവിന് നിയമ സാധുത നൽകി. (ഹിരണ്യ ഗർഭം യാഗം കേരളത്തിലെ ഒരു പ്രത്യേകത ആയിരുന്നു. സ്വർണ പശുവിൻ്റെ അകത്തു കയറി പുറത്തു വരുന്ന ചടങ്ങ്. ഈ ചടങ്ങ് നിർവഹിച്ചതിനു ശേഷമേ രാജാവിന് ബ്രാഹ്മണനൊപ്പം ഇരുന്ന് സഹഭോജനം, ഗായത്രീ മന്ത്രം ജപം സാധ്യമാകൂ. സ്വർണ പശു ബ്രാഹ്മണനു പ്രതിഫലമായി ചേരുന്നു) കൂടാതെ കരം ഒഴിവായി ഭൂമിയും കിട്ടി. ഭൂരിഭാഗം ബ്രാഹ്മണരും ക്ഷത്രിയരും കർഷകർ ആയിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ ഭൂമിയും പണി എടുക്കാൻ ആളെയും ആവശ്യമായി. അന്യൻ്റെ അതിർത്തിയിലേക്ക് കടന്ന് കാലികളെ മോഷ്ടിക്കുന്നത് ഒരു പതിവ് ആയി. അതിർത്തിയിലെ ഗോത്രങ്ങൾ വർണ്ണ വ്യവസ്ഥക്ക് പുറത്ത് ആയിരിക്കും. കൃഷി അറിയാത്ത, അല്ലെങ്കിൽ അതിന് വിമുഖരായ ഇടയ ഗോത്രങ്ങളും നായാടി ഗോത്രങ്ങൾ. ഭക്ഷണ ലഭ്യത ഉറപ്പില്ലാത്ത മനുഷ്യർ ആയിരിക്കും ഇത്തരം ഗോത്രങ്ങളിലെ അംഗങ്ങൾ. ഇതുകൊണ്ടു തന്നെ അടിമപ്പണിക്ക്
തയ്യാറായി പിടിക്കപ്പെടാനും ഇണങ്ങാനും അവസരം കാത്ത് നിൽക്കുന്നവർ.
കൂടുതൽ നിലം കൂടുതൽ പണിക്കാർ എന്ന യുക്തിയിൽ അന്യൻ്റെ ഭൂമി കയ്യേറി തുടങ്ങി. ഇതിനെ തുടർന്ന് ഉണ്ടാകുന്ന കയ്യാങ്കളി യുദ്ധത്തിലേക്ക് നയിച്ചു. കൃഷിയിൽ നിന്ന് മിച്ചം കിട്ടിയതോടെ രാജാവ് ആളും അർത്ഥവും കൊടുത്ത് കയ്യാംകളിക്ക് പ്രോത്സാഹനം നൽകി. തൻ്റെ രാജ്യത്തെ വരൾച്ച, വെള്ളപ്പൊക്കം എന്നീ കെടുതികൾ രാജാവ് തന്നെ യുദ്ധത്തിന് മുൻകൈ എടുക്കാൻ കാരണമായി.
അർത്ഥ ശാസ്ത്രത്തിന് ഗണപതി ശാസ്ത്രികൾ ( 1860 - 1926) രചിച്ച വ്യാഖ്യാനം ആധാരമാക്കി കെ.വി.എം.തയ്യാറാക്കി കേരള സാഹിത്യ അക്കാദമി തൃശൂർ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തെയാണ് ഇവിടെ പരിഗണിച്ചത്.
ഭാഷാ കൗടലീയത്തേയും ശ്യാമശാസ്ത്രികൾ ( 1868- 1944 )ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത അർത്ഥശാസ്ത്രത്തേയുമാണ് കെ. വി. എം. ആധാരമാക്കിയത്. അനേകം അധ്യായങ്ങൾ ഉള്ള ബ്രഹ്ദ് ഗ്രന്ഥമാണ് അർത്ഥ ശാസ്ത്രം. പ്രസക്തമായ അദ്ധ്യായങ്ങൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്
നാലു വർണ്ണങ്ങൾ, പുറത്തുള്ളവർ
വർണങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം. വർണ്ണങ്ങളുടെ കള്ളിയിൽ വരുന്നവരാണ് പ്രജകൾ. ജോനകന്മാർ, മ്ലേഛ ന്മാർ, പല്പരവൻമാർ എന്നിവർ വർണ്ണ വ്യവസ്ഥക്ക് പുറത്തായിരുന്നു. ആര്യന്മാരുടെ ഭാഷ അറിയാത്ത നിരവധി ഗോത്രങ്ങൾ ഉണ്ടായിരുന്നു. ഭിന്നമായ ജീവിത പരിസരങ്ങളിൽ നിന്നും ഉയിർ കൊണ്ട അവരുടെ ഭാഷയും ഭിന്നമായിരുന്നു. മാത്രമല്ല ഗോത്രക്കാർ ജീവി സഹജമായ പര വിദ്വേഷം പുലർത്തി വന്നു. ആര്യന്മാർക്ക് മനസ്സിലാകാത്ത ഭാഷ സംസാരിച്ച എല്ലാ കൂട്ടങ്ങളെയും ചേർത്ത് മ്ലേച്ഛൻമാർ എന്നു വിളിച്ച തായിരിക്കണം. പൽപരവന്മാർ എന്നത് ആരാണെന്ന് വിശദീകരിക്കുന്നില്ല. പരവൻമാർ കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ ജീവിച്ചിരുന്ന, മീൻ ആഹാരമാക്കിയ ഗോത്രങ്ങളെ എല്ലാം ചേർത്ത് വിളിച്ചതായിരിക്കണം പല്പരവർ. അല്ലെങ്കിൽ ഗംഗാ നടീതടത്തിലെ ജലാശയങ്ങളിൽ മീൻ പിടിച്ചു ഉപജീവനം നടത്തിയവർ ആകാം. മൗര്യ സാമ്രാജ്യത്തിൻ്റെ പ്രഭാവം തെക്ക് മദ്ധ്യ ഇന്ത്യ വരെ ആയിരുന്നത് കൊണ്ട് ഇങ്ങനെ ആവാൻ ഏറെ സാധ്യത ഉണ്ട്.
വർണ്ണ വ്യവസ്ഥക്കുള്ളിൽ മറ്റൊരു വിഭജനം വ്യക്തികളുടെ അവസ്ഥയുടെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്നു. ബ്രഹ്മചാരി, ഗൃഹസ്ഥൻ, പരിവ്രാജകൻ, വാനപ്രസ്ഥൻ. പ്രത്യുൽപാദന ശേഷിയുള്ള ആർക്കും തന്നെ പരിവ്രാജകൻ ആവാൻ അവകാശം ഉണ്ടായിരുന്നില്ല. കൂടുതൽ പ്രജകൾ വേണം എന്ന കാഴ്ചപ്പാട് രാജാവിന് ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. രാജാവിൻ്റെ അനുമതിയോടെ മാത്രമേ പരിവ്രാജകൻ്റെ അവസ്ഥ സാധ്യമാകൂ. വർണ്ണവും അവസ്ഥയും ആധാരമാക്കി പ്രജകൾ അവരുടെ ധർമം അനുഷ്ഠിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് രാജാവിൻ്റെ ധർമം.
വാർത്ത ദണ്ഡനീതിസ്ഥാപനം
വാർത്ത = കൃഷി, പശു പരിപാലനം, കച്ചവടം. വൈശ്യൻ്റെ ചുമതല. വേദ അധ്യയനം ബ്രാഹ്മണൻ്റെ ചുമതല. നാലു വർണ്ണങ്ങളേയും ഇണക്കുന്ന ജോലി രാജാവിന്. അതിന് ആവശ്യമായ ദണ്ഡം പ്രയോഗിക്കണം. ലഘുവായാൽ നിഷ്ഫലം. അമിതമായാൽ വിമതരെ ഉണ്ടാക്കും. യുക്തമായൽ ഫലത്തെ തരും. രാജാവും പ്രജകളും തമ്മിൽ രക്ഷിതാവും രക്ഷിക്കപ്പെടേണ്ടവരും എന്ന തരത്തിലുള്ള ബന്ധം. ഈ പാറ്റേൺ ഗൃഹസ്ഥനിലേക്കും അധ്യാപകനിലേക്കും പകരുന്നു. മുത്തശ്ശനും മുതു മുത്തശ്ശനും വീട്ടിൽ ഉണ്ടാവില്ല. വാനപ്രസ്ഥ ത്തിൽ ആയിരിക്കും. പരിവ്രാജകൻ സന്യാസത്തി ലും. വിദ്യാർത്ഥി വെറും ശ്രോതിയൻ. ഈ പാറ്റേൺ തന്നെയാണ് യൂറോപ്പിലും അടുത്ത കാലം വരെ തുടർന്നു വന്നത്. എഡിസണെ പോലെ ഉളളവർ സ്കൂൾ പഠനം നിർത്തിയത് ഈ ശ്രോതിയൻ രീതി മടുപ്പും അപമാനവും ഉളവാക്കി യതുകൊണ്ടാണ്. 1850 - ൽ പ്രസിദ്ധീകരിച്ച ഡിക്കൻസിൻ്റെ ഡേവിഡ് കോപ്പർഫീൽഡ്, 1838 - ൽ പ്രസിദ്ധീകരിച്ച നിക്കളസ് നിക്ലെബി എന്നീ നോവലുകൾ ഇത്തരം സ്കൂളുകളുടെ ക്രൂരതകൾ വെളിവാക്കുന്നു: ഗുരുകുല വിദ്യാഭ്യാസത്തിൻ്റെ തനിനിറം വെളിപ്പെടുത്തുന്നു സേലം ഹൗസ്, ഡോതിബോയസ് ഹാൾ എന്നിവയുടെ അവതരണത്തിലൂടെ.
ചാര വൃത്തി
അർത്ഥ ശാസ്ത്രം വളരെയികം ഊന്നൽ നൽകുന്ന മേഖലായാണ് ചാരവൃത്തി. മന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും നിയമിക്കുമ്പോൾ അവരുടെ ശുദ്ധി അശുദ്ധി സംബന്ധിച്ച് വിശദമായി അറിയണം. അന്തപുരത്തിൽ നടക്കുന്ന ഗൂഢാലോചന തിരിച്ചറിയണം. രാജാവിൻ്റെ ഏറ്റവും വലിയ ശത്രു രാജധാനിയിൽ തന്നെ ആയിരിക്കും. ചിലപ്പോൾ മക്കൾ തന്നെ ആയിരിക്കും എതിരാളികൾ. ഭാര്യമാരും ഒട്ടും പുറകിൽ അല്ല. സർവ സൈന്യാധപൻ, മന്ത്രി ആരും പിറകിലല്ല. അതുകൊണ്ട് വലിയ ഒരു ചാര വല രാജാവിന് ഉണ്ടായിരിക്കണം. മുഖ്യ പ്രജകളെയും ചാര വൃത്തിക്ക് വിധേയമാക്കണം.
ചാണക്യൻ്റെ ഈ യുക്തി ഇന്നും ഭരണാധകാരികൾ പിന്തുടരുന്നു എന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ കാണാം. ജനാധിപത്യ ഭരണ ക്രമത്തിൽ പക്ഷെ, ഇതിന്
പരിമിതി ഉണ്ട് - കോടതികളും പൊതുജന അഭിപ്രായവും
രാജ പുത്ര സംരക്ഷണം
ഈ അദ്ധ്യായത്തിൽ പുത്രൻ്റെ സംരക്ഷണ ത്തേക്കൾ രാജാവിൻ്റെ രക്ഷക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. രാജവംശത്തിൻ്റെ പിന്തുടർച്ച ക്കുള്ള മത്സരങ്ങളും രക്ത ചൊരിച്ചിലും പരിശോധിച്ചാൽ ഈ ഊന്നൽ അസ്ഥാനത്തല്ല.
അവരുദ്ധവൃത്തം
ഈ അദ്ധ്യായത്തിൽ തടവിലാക്കപ്പെട്ട രാജകുമാരൻ്റെ മോചനത്തിന് എന്തു ചെയ്യണം എന്നും തുടർന്ന് അധികാര പ്രാപ്തി എങ്ങനെ കൈവരിക്കാം എന്നും ചിന്തിക്കുന്നു.
ആത്മ രക്ഷികം
സ്വയം രക്ഷയെ കരുതി രാജാവ് അനുഷടി ക്കേണ്ട കാര്യങ്ങൾ - ഉണർന്ന ഉടനെ സ്ത്രീ ജനങ്ങൾ രാജാവിനെ ചുഴലണം. ഭക്ഷണം ആദ്യം അഗ്നിക്കും പക്ഷികൾക്കും കൊടുക്കണം. വിഷ ഹാരികളും വൈദ്യന്മാരും എപ്പോഴും കൂടെ ഉണ്ടാവണം. ഔഷധവും ഭക്ഷണവും പരീക്ഷിച്ചു നോക്കി രാജാവിനു കൊടുക്കണം.
ഭൂമിയുടെ വിനിയോഗം
ഭൂമിയുടെ വിനിയോഗം ത്വരിതപ്പെടുത്തുവാൻ ആവശ്യമായ ചില നടപടികൾ വിശദീകരിക്കുന്നു. ആചാര്യന്മാർക്കും പുരോഹിതന്മാർക്കും ദായം ലഭിക്കുമാറ് ഭൂമി കരം ഒഴിവായി കൊടുക്കണം. തരിശ് ഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യുന്നവരെ ഏൽപ്പിക്കണം. കൃഷിക്ക് ആവശ്യമായ കടം ലഭ്യ മാക്കണം. ചിറ ഉണ്ടാക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നവർക്ക് പിഴ ഇടണം. ജനപദത്തിൽ കളിക്കളങ്ങൾ അരുത്. കാരണം അത് കൃഷി ക്ഷയിപ്പിക്കും. സമ്പദ് വ്യവസ്ഥ കൃഷിയെ ആശ്രയിച്ചു മാത്രം ഉള്ളതായിരുന്നു. കാലി വളർത്തൽ കൃഷിയുടെ അനുബന്ധ തൊഴിലായി മാറി. കാട് വെട്ടിയെരിച്ച് കൃഷി ചെയ്യുന്നവനെ കൃഷി ഭൂമിയിൽ നിന്നും ഒഴിപ്പിക്കരുത്.
അക്ഷപടലം
കണക്ക്സൂക്ഷിക്കുന്നസ്ഥലം. കണക്കപിള്ള
ചെയ്യേണ്ട കര്യങ്ങൾ വിശദീകരിക്കുന്നു. അവരുടെ ശമ്പളം, വീഴ്ച വന്നാൽ ഈടാക്കേണ്ട പിഴ, ചുമതലയും കർത്തവ്യങ്ങളും, കണക്കുകൾ ഒത്തു നോക്കി ശരി തെറ്റുകൾ അറിയേണ്ട രീതി തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു. കണക്ക് എവിടെ എഴുതുന്നു എന്ന് വ്യക്തമല്ല. കടലാസ് കണ്ടു പിടിച്ചിട്ടില്ല. കടലാസിൻ്റെ ഉപയോഗം ക്രിസ്തു വർഷത്തിനു ശേഷമാണ്.
പുരോഹിതനും മന്ത്രിമാരും
ഉപധകൾ വഴി മന്ത്രി ആയി വരുന്നവൻ്റെ ശുദ്ധി അശുദ്ധി നിർണ്ണയം. ധർമാദികളെ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥിയുടെ ഗുണങ്ങൾ ഗ്രഹിക്കണം. ശുദ്ധിയുള്ളവരെ എവിടെ നിയോഗിക്കാം, അല്ലാത്തവരെ എവിടെ നിയോഗിക്കാം എന്നീ കാര്യങ്ങൾ പര്യലോചിക്കുന്നു.
ചാരൻമാരും ചാരവൃത്തിയും
ചാരന്മാർ ഭിന്ന ജന വിഭാഗങ്ങളിലൂടെ ഗൂഢ സഞ്ചാരം നടത്തി ജനഹിതം അറിയണം. വിമതന്മാരുടെ നീക്കങ്ങൾ, അവർ ഏതൊക്കെ തരക്കാർ - ക്രുദ്ധർ, മാനികൾ, ഭീതിതർ, ലുബ്ധർ,
എന്നിങ്ങനെ വിമതരെ വർഗ്ഗീകരിച്ചിട്ടുണ്ട്. ഇത്തരക്കാരെ അവരുടെ പക്ഷത്തുനിന്ന് പ്രോത്സാഹിപ്പിച്ച് അന്യ രാജ്യങ്ങളിലേക്ക് കടക്കാൻ പ്രേരിപ്പിക്കണം. അന്യ ജനപദങ്ങളിലെ ഭരണക്കരെ ചാരവൃത്തിക്ക് വിധേയരാകണം. സ്വന്തം ഭരണപ്പടയിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ചാര വൃത്തിക്ക് വിധേയരാക്ക്ണം. ( ഒരു പക്ഷെ, പെഗാസസ് ഉണ്ടായിരുന്നെങ്കിൽ കാര്യം എളുപ്പമായേനെ)
മന്ത്രാധികാരം
മന്ത്രിസഭയുടെ വലിപ്പം; രാജാവ് മന്ത്രിമാരോട് മന്ത്രിക്കേണ്ട രീതി - ഒറ്റക്ക് മന്ത്രിക്കണോ കൂട്ടായി മന്ത്രിക്കണോ - ഇത്യാദി കാര്യങ്ങൾ. ഇന്ദ്രന് ആയിരം മുനിമാർ മന്ത്രിക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ സഹസ്രാദ്ധ്യക്ഷൻ എന്നു വിളിച്ചു. മന്ത്രിയായി ആരെ നിയമിക്കണം: സഹപാഠി വേണോ, സ്നേഹിതൻ വേണോ, ബന്ധു വേണോ എന്നീ പ്രശ്നങ്ങൾ. ഇവരൊന്നും വേണ്ട, രാജാവിൻ്റെ മർമ്മം അറിയുന്നതുകൊണ്ട് രാജാവ് ഭയപ്പെട്ട് അനുസരിച്ചേക്കുമെന്ന് പരാശരൻ. രാജാവ് തൻ്റെ മനസ്സ് ആരോടും വെളിപ്പെടുത്തരുത്. വളരെ ഗോപ്യമായി വെക്കണം. അന്യരുടെ മനസ്സ് ചികഞ്ഞെടുക്കണം.
ഭാര്യമാരും പുത്രന്മാരും
ഭാര്യമാരും പുത്രന്മാരും രാജാവിൻ്റെ സ്ഥിരം തലവേദനയാണ്. അജാതശത്രു പിതാവായ ബിംബിസാരനെ തടവിലാക്കി പട്ടിണിക്കിട്ട് കൊന്ന ചരിത്രം ചാണക്യനും അറിയാം. ഭാര്യ സൈന്യാ ധിപനോടൊപ്പം നിന്ന് ചതിക്കാം. ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചാണക്യൻ ചിന്തിക്കുന്നു. ബന്ധനസ്ഥനായ മകനെ അപസർപ്പന്മാർ ( detectives ) ചെന്നു കണ്ട് രാജ സന്നിധിയിലേക്ക് കൂട്ടി വരണം. അല്ലെങ്കിൽ മാതാവ് ചെന്ന് കൂട്ടിക്കൊണ്ട് വരണം. പിതാവിൽ നിസ്നേഹനയവനെ തുല്യ ശീലകളായ സ്ത്രീകളാലോ, മദ്യാസക്തനാണെങ്കിൽ ആ വഴിയോ നായാട്ടിൽ തല്ല്പരനാണെങ്കിൽ ആ വഴി പിടിച്ചു കെട്ടി കൊണ്ടു വരണം.
രാജാവിൻ്റെ ദിനചര്യ
പകലിനെയും രാത്രിയെയും ഭാഗിച്ച് ഓരോ ഭാഗത്തിലും രാജാവ് എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നു. ഒരു ടൈം ടേബിൾ.
അന്ത:പുരത്തിൽ ആരൊക്കെ ഉണ്ടാവണം ആരൊക്കെ ഉണ്ടാവരുത് എന്ന് വിചിന്തനം ചെയ്യുന്നു.
സാമ്പത്തികം
ജനപദ നിവേശം എന്ന അദ്ധ്യായത്തിൽ ഭൂമി, മറ്റു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദീകരണം. പുതിയ കൃഷി സ്ഥലത്തേക്ക് ആളുകളെ കുടിയേറ്റുന്നത്, ഒരു സ്ഥലത്ത് ആളുകളെ ആവശ്യമില്ലെന്ന് കണ്ടാൽ അവരെ കുടിയിറക്കുന്നത്; ആചര്യർ, പുരോഹിതർ എന്നിവർക്ക് കരം ഒഴിവാക്കി വസ്തു ദാനം ചെയ്യേണ്ടത്; ഗ്രാമങ്ങൾക്ക് അതിർ ഇടേണ്ടത് എങ്ങനെ ഇത്യാദി കാര്യങ്ങളെ കുറിച്ച് വിശദീകരണം. നദി, ചിറ, തോട്, കുന്ന് തുടങ്ങിയവ ഗ്രാമത്തിൻ്റെ സ്വാഭാവിക അതിരുകൾ ആയിരിക്കും. അങ്ങനെ ഇല്ലാത്തിടത്ത് വൃക്ഷങ്ങൾ വെച്ചു പിടിപ്പിച്ച് അതിരിടണം. വിക്രയത്തിനും ആധാനത്തിനും ( പണയം ) അവകാശമില്ലാത്ത നിലയിൽ ഭൂമി ഒരുത്തൻ്റെ ജീവിതകാലത്തേക്ക് വിതരണം ചെയ്യണം. അകൃത ക്ഷേത്രങ്ങൾ ( കൃഷി യോഗ്യമല്ലാത്ത ഭൂമി) കൃത ക്ഷേത്രങ്ങൾ ( കൃഷി യോഗ്യമായ ഭൂമി) ആക്കിയവരെ ഒഴിപ്പിക്കരുത്. കൃഷിക്ക് ആവശ്യ മായ കടം ലഭ്യമാക്കണം. ജല ലഭ്യത അനുസരിച്ച് ഭൂമി തരം തിരിക്കണം. വണിക്കുകൾക്ക് സഞ്ചാര യോഗ്യമായ സ്ഥല ജല മാർഗ്ഗങ്ങൾ ഒരുക്കണം.
അനാഥനായ ബാലൻ്റെ ദ്രവ്യം അവന് വ്യവഹാര പ്രാപ്തി ആകുന്നതുവരെ വർദ്ധിപ്പിക്കേണ്ടത് ഗ്രാമ വൃദ്ധൻ്റെ കടമ. ദേവ ദ്രവ്യത്തെയും അങ്ങനെ തന്നെ കരുതണം. വിനോദത്തിനായുള്ള ആരാമങ്ങളും ശാലകളും ജനപദത്തിൽ ഉണ്ടാവരുത്. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കും. ഭാര്യ, മക്കൾ എന്നിവരുടെ ചുമതല ഏൽക്കാതെ സന്യസിക്കാൻ പോകുന്നവന് ശിക്ഷ. സ്ത്രീയെ സന്യാസത്തിന് പ്രേരിപ്പിക്കുന്നവനും ശിക്ഷയുണ്ട്. മൈഥുനശക്തി നശിച്ചവന് ധർമ്മസ്‌ഥരുടെ അനുവാദത്തോടെ സന്യസിക്കാം. ജനസംഖ്യ ഉയർത്താൻ ഭരണവർഗ്ഗം അതീവ താൽപരർ ആയിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഇന്നത്തെ വാർദ്ധക്യ പെൻഷൻ ഉദ്ദേശവും അതു തന്നെ. മക്കളെ ഉണ്ടാക്കി സമൂഹത്തിന് നൽകിയതിനുള്ള റിവാർഡ്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇതുണ്ട്. ഇവിടെ നാടൻ സ്യൂ ഡോ മുതലാളി ഇത് പാഴ് പണിയെന്ന് പറയുന്നുണ്ട്. അവിടങ്ങളിൽ ലൈംഗിക വേഴ്ചയിൽ കല്യാണം കഴിക്കണമെന്ന് നിർബന്ധമില്ല. വേശ്യാവൃത്തി ആ സമൂഹങ്ങളിൽ ഒരു കുറവായി സമൂഹം കാണുന്നില്ല. ഇവിടെയും അങ്ങനെ ആയിരുന്നു. മണിപ്രവാള സാഹിത്യം തഴച്ചു വളർന്ന കാലത്ത്. വൈശികഥന്ത്രം, ചന്ദ്രോത്സവം എന്നീ കൃതികളിൽ ഇതിൻ്റെ പ്രതിഫലനം കാണാം. ചാണക്യനും ഇത് വിചിന്തനം ചെയ്യുന്നുണ്ട്.
ഭൂമിശ്ചിദ്രവിധാനം എന്ന അദ്ധ്യായത്തിൽ കൃഷിയോഗ്യമല്ലാത്ത ഭൂമി എങ്ങനെ സഫലമാക്കാം എന്ന് ചിന്തിക്കുന്നു. അടവി പരിപാലനം ആന പരിപാലനം എന്നിവ ചർച്ച ചെയ്യുന്നു.
കോട്ടയും അനുബന്ധ കാര്യങ്ങളും
ദുർഗ്ഗ വിധാനം, ദുർഗ്ഗ നിവേശേം എന്നീ അധ്യായങ്ങളിൽ കോട്ട പണിയുന്നതിനെ ചർച്ച ചെയ്യുന്നു. കോട്ട കെട്ടുന്ന സ്ഥലം, നിർമ്മാണ രീതി, കോട്ടയിൽ സജ്ജീകരണങ്ങൾ, ഏതൊക്കെ ഭാഗത്ത് ആരുടെയൊക്കെ ഗൃഹങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിചിന്തനം ചെയ്യുന്നു. രത്നവും സ്വർണവും കരുതേണ്ടതെവിടെ, വിൽപന ചരക്ക് ഇരിക്കേണ്ട സ്ഥലം, ആയുധ പുര, വസ്ത്രപ്പുര തുടങ്ങിയവ എവിടെ നില കൊള്ളണമെന്ന് വിവരിക്കുന്നു. ഖജനാവിലെ പണം അപഹരിക്കുന്ന ഉദ്യോഗസ്ഥർക്കും ചോരന്മാർക്കും ശിക്ഷ എന്നിവ വിശദീകരിക്കുന്നു.
വരവ് ചെലവ് സംബന്ധിച്ച്
വരവിൻ്റെ ഉറവിടം, ചെലവാകുന്ന വഴികൾ എന്നിവ വിവരിച്ച്, സമാഹർത്താവ് (ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ) എപ്പോഴും ചെലവ് വരവിനേക്കാൾ കുറച്ച് മിച്ചം പിടിക്കണമെന്ന് ചൂണ്ടി കാട്ടുന്നു. അപഹരിക്കപ്പെട്ട ആദായം വീണ്ടെടുക്കുന്നതിനെ യും അപഹർത്താക്കൾക്കുള്ള ശിക്ഷയും വിവരിക്കുന്നു.
ഉപയുക്ത പരീക്ഷ എന്ന അദ്ധ്യായത്തിൽ ഭരണ വകുപ്പിൻ്റെ അദ്ധ്യക്ഷൻ ആയി വരുന്ന ആളുടെ യോഗ്യത, ചാർച്ച, ദേശം മുതലായവ വിചിന്തനം ചെയ്യുന്നു. തലവൻ്റെ ചുമതല, ആയ വ്യയങ്ങൾ ലേഖനം ചെയ്യേണ്ട വിധം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നു. എണ്ണുന്നവർ, എഴുതുന്നവർ, മാറ്റ് നോക്കുന്നവർ, ഖജനാവ് സൂക്ഷിപ്പുകാരൻ എന്നിവരുടെ യോഗ്യത, ചുമതല എന്നിവ വിവരിക്കുന്നു.
രാജ ശാസനങ്ങൾ
ശാസനങ്ങൾ ലേഖനം ചെയ്യുന്ന വിധം, ലേഖനത്തിൻ്റെ ഭാഷ, ലേഖകൻ്റെ യോഗ്യത എന്നിവ വിവരിക്കുന്നു.
സ്വർണ്ണം, രത്നം ഖനികൾ
കോശ പ്രവേശ്യ രത്ന പരീക്ഷ എന്ന അദ്ധ്യാ യത്തിൽ നാനാ ദേശങ്ങളിൽ നിന്നും വരുന്ന രത്നങ്ങൾ അതിൻ്റെ മൂല്യത്തിനനുസരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്ന വിധം വിവരിക്കുന്നു. ആകര കർമ്മാനു പ്രവർത്തനം എന്ന അദ്ധ്യായത്തിൽ എല്ലാ വിധ ലോഹങ്ങളെയും ഖനികളെയും കുറിച്ചു പ്രതിപാദിക്കുന്നു. അവ ലഭ്യമായ പ്രദേശങ്ങളും ലോഹങ്ങളുടെ ഗുണത്തെയും വിവരിക്കുന്നു. ആല പണിയുന്നതി നെയും അവിടെ പ്രവേശിക്കാൻ അധികരപ്പെട്ടവരെയും വിവരിക്കുന്നു.
ധാന്യങ്ങളെ സംബന്ധിച്ച്
രാജാവിൻ്റെ ധാന്യപ്പുരയിലേക്ക് വരുന്ന ധാന്യ ങ്ങളെ കുറിച്ച് കോഷ്ഠാഗാര അദ്ധ്യക്ഷൻ എന്ന അദ്ധ്യായത്തിൽ വിശദമായി വിവരിക്കുന്നു. വിളവിൻ്റെ അംശമായ നികുതി, വിശേഷ അവസരങ്ങളിൽ പ്രജകൾ രാജാവിന് സമർപ്പിക്കുന്ന പൊലി, വിള തിന്നുന്ന കാലി കളുടെ ഉടമസ്ഥരിൽ നിന്ന് ഈടാക്കുന്ന പിഴ, ജല നികുതി, ഇടപാട് തീർത്ത നെല്ല്, യാചിച്ചു വാങ്ങിയ നെല്ല് ( ഭൂരിപക്ഷം ഇടപാടുകളും തീർക്കുന്നത് ചരക്കു കൈമാറ്റത്തിലൂടെ ), തൊഴിൽ നികുതി ( നെല്ലു കുത്ത്, പരിപ്പെടുക്കൽ, പോടിക്കൽ, പാനീയമുണ്ടക്കാൽ, മാവരയ്ക്കൽ, ശർക്കര ഉണ്ടാക്കൽ ) കളഞ്ഞു കിട്ടിയതും മറന്നു കിട്ടിയതും, അളവിലും തൂക്കത്തിലും ഉണ്ടാകുന്ന അന്തരം. ഇവയൊക്കെ ധാന്യ പ്പുരയിലേക്ക് ചേരുന്നു.
ലവണ വർഗ്ഗം എന്നതിൽ പല തരത്തിലുള്ള ഉപ്പ്, തേൻ, മുന്തിരി നീര് എന്നിവയെ വിവരിക്കുന്നു.
മൃഗ പരിപാലനം
ആനയുടെ ഭോജനം, കാള, കുതിര, പോത്ത്, കഴുത, പുള്ളിമാൻ, നായ, ഹംസം, ക്രൗഞ്ച പക്ഷി, മയിൽ, പശു, വ്യാളം എന്നിവയുടെ തീറ്റ ക്രമംംവിവരിക്കുന്നു. ( മയിൽ, വ്യാളം ക്രൗഞ്ചപക്ഷി പുള്ളിമാൻ തുടങ്ങിയവ വീട്ടിൽ ഇണക്കി വളർത്താൻ കൊള്ളില്ലെന്ന് പരീക്ഷിച്ച് അറിഞ്ഞു.)
പണിയായുധങ്ങൾ
തിരികല്ല്, അമ്മി, കുഴ, കുന്താണി, ആട്ടു കല്ല്, ചിരവ, മുറം, ചല്ലട( അരിപ്പ ), കൊട്ട, ചട്ടി, ചുലി (അടുപ്പ് ) എന്നീ പണിയായുങ്ങൾ അന്ന് ഉണ്ടായിരുന്നു എന്ന് അവയെ കുറിച്ചുള്ള വിവരണത്തിൽ നിന്നും മനസ്സിലാക്കാം.
രാജ ഭണ്ഡാരത്തിൽ എത്തുന്ന വില്പന ചരക്കുകൾ
ക്രയ വിക്രയത്തിൽ പണം ഉണ്ടായിരുന്നെങ്കിലും കൈമാറ്റ കച്ചവടം തുടർന്നു വന്നു. പണ്യം എന്നാണ് ചരക്കുകളെ വിളിച്ചത്. ഇത് നോക്കി നടത്തിയ അധികാരി പണ്യാദ്ധ്യക്ഷൻ. കര വഴിയും ജലം വഴിയും വരുന്ന ചരക്കുകളുടെ വിലയിൽ അന്തരം ഉണ്ടായിരുന്നു. വില നിലവാരത്തിൽ സ്ഥിരത ഭരണാധികാരി ആഗ്രഹി ച്ചിരുന്നു. രാജാവിൻ്റെ ഭൂമിജമായ ചരക്കുകൾ ഒരിടത്തും പരദേശത്തു നിന്ന് വരുന്നവയെ വിവിധ സ്ഥലങ്ങളിലും വില്പന ചെയ്യണം. കൊള്ളുന്നവനും കൊടുക്കുന്നവനും ഗുണം കിട്ടുന്ന രീതിയിൽ വില സന്തുലിത മായിരിക്കണം.
അജസ്ര പണ്യങ്ങൾ
എല്ലാ കാലത്തും ലഭ്യമായത് ആവശ്യ മായത് എന്ന അർഥത്തിൽ അജസ്ര എന്ന വാക്ക് ഉപയോഗിച്ചത് എന്നു തോന്നുന്നു. ഇതിൽ ഉൾപ്പെടുന്നത് കറി, പൂ, മൽസ്യം, മാംസം എന്നിവയാണ്. കറി എന്നത് കുരുമുളക് ആയിരിക്കണം. മൗര്യസാമ്രാജ്യത്തിൽ ലഭ്യമല്ലാത്ത വിള. അക്കാലത്ത് ഇത് മലബാറിലെ ഒരു കാട്ടു വിള ആയിരുന്നു. മാംസം കേടു കൂടാതെ ഇരിക്കാൻ ഇത് റോമക്കാർ ഉപയോഗിച്ചു. കറിയും പൂവും മാംസാഹാരം പാകം ചെയ്യുന്നതിന് ആവശ്യമായിരുന്നു. മൗര്യ കാലത്ത് ഔത്തരാഹൻമർക്ക് തെക്കേ ഇന്ത്യയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. കറി അവർക്ക് ഗ്രീക്ക് ബന്ധത്തിലൂടെ കിട്ടിയതാവാം. അളവ്, തൂക്കം, എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ രജാവിനുള്ളത് വസൂലക്കണം. പരദേശങ്ങളിൽ നിന്നും സ്വദേശത്തേക്ക് വരുന്ന ചരക്കുകൾ സംരക്ഷിക്കണം. പരദേശ വ്യാപാരികളെ വ്യവഹാരത്തിൽ പെടുത്തരുത്. വിൽക്കാനുള്ളതും പകരം കിട്ടാൻ ഉള്ളതുമായ ചരക്കുകളുടെ ഗുണവും വിലയും തട്ടിച്ചു നോക്കി പരദേശത്ത് കൊടുക്കേണ്ട പല വിധ ചെലവുകൾ - ശുൽക്കം, കടത്ത് കൂലി, മാർഗ്ഗ കരം, സൈന്യ സങ്കേതത്തിൽ ഒടുക്കേണ്ട കരം, ഭക്ഷണ ചെലവ് എന്നിവ നീക്കി ഉദയം ( ലാഭം ) ഉടനെ വിറ്റൊഴിച്ചാൽ കിട്ടുമോ എന്നു നോക്കണം. കിട്ടില്ലെങ്കിൽ തൽക്കാലം വിൽക്കരുത്. വഴിയിൽ ആപത്ത് സംഭവിച്ചാൽ ചരക്കും അത് കൊണ്ടു പോകുന്നവരെയും, അല്ലെങ്കിൽ കൊണ്ടു പോകുന്നവർ സ്വയം സംരക്ഷിച്ചു കൊള്ളണം. ഇത്തരം അവസരങ്ങളിൽ രാജ ശുൽക്കം അടയ്ക്കേണ്ട.
കുപ്യം കൈകാര്യം ചെയ്യുന്നതെങ്ങിനെ?
നീചലോഹങ്ങൾ (ചെമ്പ്, പിച്ചള), ചില വൃക്ഷങ്ങൾ (തെക്ക്, മരുത്, മഞ്ചാടി, ഇരുമുള്ള്, കരിങ്ങാലി, പന, മുള, കുങ്കുമം, ഔഷധ ചെടികൾ, കുടപ്പന തുടങ്ങിയ ഓല ദായക ചെടികൾ എന്നിവയെ ചേർത്ത് കുപ്യം എന്ന് പറയുന്നു. ഇവയുടെ നോക്കി നടത്തിപ്പിന് കുപ്യാദ്ധ്യക്ഷൻ എന്ന ഉദ്യോഗസ്ഥൻ.
ഉണങ്ങിയ മത്സ്യവും മാംസവും നഗരത്തിന് അകത്തേക്കും പുറത്തേക്കും വ്യാപാരം ചെയ്യുന്നുണ്ട്. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശുദ്രനും മാത്രമേ നഗരത്തിനകത്ത് പ്രവേശനമുള്ളൂ എന്ന് ഓർക്കുക.
പരുത്തി വ്യാപാരം ചെയ്യുന്നതോടൊപ്പം മരവുരി ( വൽക്കം ) വ്യാപാരം ചെയ്യുന്നുണ്ട്. ഇത് ഒരു പക്ഷെ ഇല്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കിൽ പഴയ ശീലം വിടാനുള്ള വൈമനസ്യം ആയിരിക്കാം. ചരക്കു കടത്തിൻ്റെ മുകളിലുള്ള കരം തലച്ചു മടാണെങ്കിൽ പോലും ഈടാ ക്കിയിരു ന്നു. ഈ വിഭാഗം എണ്ണത്തിൽ ഗണ്യമായിരിക്കും. അതുകൊണ്ട് അവരെ ഒഴവാക്കിയാൽ ഗണ്യമായ നികുതി നഷ്ടം ഉണ്ടാകാം.
നെല്ല് കളത്തിൽ നിന്നു വാങ്ങിയാൽ വങ്ങിയവനും വിൽക്കുന്നവനും പിഴ. വിളയുടെ പുറത്ത് രാജാവ് ഈടാക്കുന്ന കരം നഷ്ടമാകുന്നത് തടയുക എന്ന യുക്തിയാണ് ഈ നിയമത്തിന് കാരണം.
നൂൽ നൂല്പും നെയ്ത്തും
പഞ്ഞിയും നൂലും കൊടുത്ത് നൂലും തുണിയും തിരിച്ചു വാങ്ങുന്ന കരാർ അടിസ്ഥാനത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ജോലി ആയിരുന്നു നൂൽ നൂൽപും നെയ്‌ത്തും. ഇതിൽ ഏർപ്പെട്ടിരുന്ന ത് വിധവകൾ, അംഗ വൈകല്യമുള്ള സ്ത്രീകൾ, സന്യാസിമാർ, തടവുകാരികൾ, വൃദ്ധകലയ വേശ്യകൾ, വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാത്ത സ്ത്രീകൾ, പ്രോഷിത വിധവകൾ ( ഭർത്താവ് ദേശാന്തര ഗമനത്തിനു പോയവർ ). വേതനം വാങ്ങിയിട്ട് ജോലി നിർവഹിക്കാത്ത സ്ത്രീക്ക് കടുത്ത ശിക്ഷ.
സീതാദ്ധ്യക്ഷനും സുരാധ്യക്ഷനും
കാർഷിക കാര്യങ്ങളുടെ തലവൻ ആയിരുന്നു സീതാദ്ധ്യക്ഷൻ. മണ്ണിൻ്റെ തരം, വിളകൾ, കാലാവസ്ഥ, ജലത്തിൻ്റെ ലഭ്യത എന്നിവ അയാളുടെ അധികാര പരിധിയിൽ വരുന്നു.
ധാന്യം പുളിപ്പിച്ചുണ്ടക്കുന്ന മദ്യം സുര. രാജാവിൻ്റെ മദ്യം പൗര പ്രമുഖർ വാറ്റുന്ന മദ്യം. ആര് വാറ്റിയാലും വിലയുടെ അഞ്ചു ശതമാനം ശുൽക്കമായി രാജാവിന് ചേരുന്നു.
സൂനാദ്ധ്യക്ഷൻ
മൃഗം, പക്ഷി, മത്സ്യം എന്നിവയെ ഭക്ഷണാ വശ്യ ത്തിന് പിടിക്കുന്നതും കൊല്ലുന്നതും സംബന്ധിച്ച് വ്യവസ്ഥകൾ ക്രമീകരിക്കുക സൂനാദ്ധ്യക്ഷൻ്റെ ചുമതല.
ഗണികാദ്ധ്യക്ഷൻ
വേശ്യാ വൃത്തി നിയമ വിധേയമായിരുന്ന്. ആ തൊഴിലിന് ആവശ്യമായ ക്രമീകരണങ്ങൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അത് പരിപാലിക്കുന്ന ചുമതല ഗണികാദ്ധ്യക്ഷൻ്റെ അധികാര പരിധിയിൽ വരുന്നു. ഗണികമാരുടെ വിലയും നിലയും അനുസരിച്ച് അവരെ തരം തിരിക്കൽ, അതിക്രമം ചെയ്യുന്നവരെ നിലക്ക് നിറുത്തൽ, അതിനുള്ള പിഴ, ഗണികമാർ വാക്ക് പാലിച്ചില്ലെങ്കിൽ പിഴ, ഗണികമാരുടെ ക്ഷേമം, രാജാവിനു ചേരേണ്ട കരം പിരിക്കൽ തുടങ്ങിയവ ഗണികാദ്ധ്യക്ഷൻ്റെ അധികാര പരിധിയിൽ വരുന്നു. മാസം പ്രതി ഗണിക അവളുടെ രണ്ടു ദിവസത്തെ വരുമാനം കരമായി ഭണ്ഡാരത്തിൽ ഒടുക്കണം. ഗണികയുടെ മക്കളെ വാദ്യ സംഗീത കലകൾ അഭ്യസിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഭണ്ഡാരത്തിൻ്റെ ചുമതല ആയിരുന്നു. തൊഴിലിൽ പ്രവേശിക്കുന്നതിനു മുമ്പ് ഗണികയുടെ കുടുംബത്തിന് പൊതു ഭണ്ഡാരത്തിൽ നിന്നും പണം കൊടുക്കണം. ഈ വക കാര്യങ്ങളൊക്കെ ഗണികാദ്ധ്യക്ഷൻ്റെ ചുമതല ആയിരുന്നു.
പശു, കുതിര, ആന
കൃഷി കഴിഞ്ഞാൽ വലിയ വരുമാന സ്രോതസ്സും തൊഴിലിടവും കാലി വളർത്തൽ. പശു എരുമ തുടങ്ങിയ മൃഗങ്ങളെപാൽ,വെണ്ണ, നെയ്യ്, മാംസം തുകൽ എന്നിവക്ക് വേണ്ടി വളർത്തി. ഭാരം വലിക്കാൻ കാള കുതിര കഴുത എന്നീ മൃഗങ്ങളെ ഉപയോഗിച്ച്. കുതിര ആക്രമണത്തിനും രഥം വലിക്കാനും ഉപയുക്തമായി. കാളയെ ഉഴവിനും ഉപകരിച്ചു.
പശു, ആന, കുതിര എന്നിവയിൽ ഓരോ വിഭാഗത്തിലും തലവൻ അഥവാ അദ്ധ്യക്ഷൻ ഉണ്ടായിരുന്നു. കാലി വളർത്തൽ കൃഷി അനുബന്ധ തൊഴിലായതിനാൽ പുൽത്തകടി വളരെ പ്രധാനമായിരുന്നു. പലപ്പോഴും പുൽത്തകിടി കയ്യേറാനുള്ള ശ്രമം കശ പിശക്ക് കാരണ മായി. പുൽത്തകടിക്ക് ഒരു വകുപ്പും ( വിവീതം) അതിന് അദ്ധ്യക്ഷനും ഉണ്ടായിരുന്നു.
ജനപദം
നിരവധി കൊച്ചു രാജ്യങ്ങൾ ചേർന്നതാണ് ജനപദം. ഒരു ജനപദത്തിൽ മറ്റൊന്നിലേക്ക് പ്രവേശിക്കാൻ മഹാരാജാവിൻ്റെ മുദ്രാങ്കിതമായ സമ്മത പത്രം ആവശ്യമായിരുന്നു. ജനപദത്തെ ആറായി തിരിച്ചു. കരം ഒഴിവായ ഭാഗം, ആയുധ ധാരികളെ പ്രദാനം ചെയ്യുന്ന ഭാഗം, ധാന്യം കരമായിട്ടുള്ള ഭാഗം, പശുക്കളെ കരമാക്കിയ ഭാഗം, ഹിരണ്യം കരമായ ഭാഗം, വിഷ്ടി കരമായ
ഭാഗം. ഈ ഭാഗത്തു നിന്നും പണിക്കാരെ കൂലി ഇല്ലാതെ, ആഹാരം മാത്രം പ്രതിഫലം കൊടുത്ത് ജോലി ചെയ്യിക്കുന്നു. ഒരു പക്ഷെ ഇതൊക്കെ കുടിയേറ്റത്തിൻ്റെ ഭാഗമായി പല കാലഘട്ടത്തിലായി താമസിപ്പിച്ചവർ ആയി രിക്കണം ആളുകളെ കുടിയേറ്റുന്നതും കുടിയിറക്കുന്നതും രാജാവ് എന്ന് മുമ്പ് കൊടുത്തിട്ടുണ്ട്. ഓരോ ഗ്രാമത്തിലും ഉള്ള കൃഷി സ്ഥലം, തോട്ടം, വീവീതം, പറമ്പ് എന്നിവയുടെ കണക്ക് എടുത്തിരുന്നു. ആളുകളുടെ എണ്ണം, വർണ്ണം, തൊഴിൽ, സ്ത്രീ, പുരുഷൻ എന്നീ കണക്ക് എടുത്തിരുന്നു.
നഗര പരിപാലനം
നഗരത്തെ നാലായി തിരിക്കുന്നു. ഓരോ ഭാഗത്തിനും ഒരു സ്ഥാനി. അഞ്ച് അല്ലെങ്കിൽ പത്ത് കുടുംബങ്ങളെ നയിക്കാൻ ഗോപൻ. നഗരത്തിലെ കുടുംബം, അതിലെ അംഗങ്ങൾ, സ്ത്രീ, പുരുഷൻ എന്ന ക്രമത്തിൽ രേഖ പ്പെടുത്തിയിരിക്കണം. കർമ്മകാരന്മാർ, വണിക്കുകൾ, വേശ്യകൾ എന്നിവർ അവരുടെ കർമ്മസ്ഥാനത്ത് വിശ്വസ്തരെ മാത്രമേ പാർപ്പി ക്കാവു. ചൂതു കളി അംഗീകൃത വിനോദം ആയിരുന്നു. വ്യവഹാര സ്ഥാപന വിവാദ പദ നിബന്ധം എന്ന അദ്ധ്യായത്തിൽ വ്യവഹാരം സംബന്ധിച്ച് നിയമം, ചട്ടം, കീഴ്‌നടപ്പ് എന്നിവ വിവരിക്കുന്നു.
വിവാഹം, സ്ത്രീധനം
ആറു വിധത്തിലുള്ള വിവാഹം വിവരിക്കുന്നു. ഗോമിഫു: ഒരു കാളയേയും ഒരു പശുവിനെയും വാങ്ങി കന്യകയെ ദാനം ചെയ്യുന്നു. ഇത്തരത്തിൽ നിർവഹിക്കുന്ന വിവാഹം ആർഷം.
യജ്ഞ വേദിയിലെ ആചാര്യനിലൂടെ കന്യകയെ ദാനം ചെയ്താൽ ദൈവം.
വരനും കന്യകയും സ്വ ഇച്ഛയാൽ ചെയ്യുന്നത് ഗാന്ധർവം
വരൻ്റെ കയ്യിൽ നിന്നും ശുൽക്കം വാങ്ങി കന്യകയെ കൊടുക്കുന്നത് ആസുരം.
കന്യകയെ അപഹരിച്ചു കൊണ്ടു പോകുന്നത് രാക്ഷസം,
കന്യക ഉറങ്ങി കിടക്കുമ്പോൾ, അല്ലെങ്കിൽ മത്ത് ആയ അവസ്ഥയിൽ പിടിച്ചു കൊണ്ടു പോകുന്നത് പൈശാചം. സ്ത്രീ ധനം വ്യത്യസ്ത സന്ദർഭങ്ങളിൽ വിനിയോഗിക്കേണ്ടതെങ്ങിനെ, നിയമ വ്യവസ്ഥ, കീഴ്‌നടപ്പുകൾ ലംഘിച്ചാൽ ഒടുക്കേണ്ട പിഴ എന്നിവ വിവരിക്കുന്നു.
പന്ത്രണ്ട് വയസ്സായ സ്ത്രീ, പതിനാറു വയസ്സ് ആയ പുരുഷൻ, പ്രാപ്ത വ്യവഹാര്യൻ. സ്ത്രീ പുരുഷ ബന്ധങ്ങളിലെ വ്യവഹാരങ്ങൾ, വിവാഹമോചനം എന്നിവയെ വിവരിക്കുന്നു. ദേശാന്തര ഗമനം നടത്തുന്ന ഭർത്താക്കന്മാർ തിരിച്ച് വന്നില്ലെങ്കിൽ സ്ത്രീക്ക് ലഭ്യമായ പരിഹാര മാർഗങ്ങൾ എന്നിവ വിവരിക്കുന്നു.
ദായക്രമം
മരിച്ചവൻ്റെ സ്വത്ത് ആരിലേക്ക് പോകുന്നു എന്നത് സംബന്ധിച്ച്. പിതൃ സ്വത്തിൽ അനന്തരാവകാശിക്ക് ചെല്ലേണ്ടുന്ന അംശം. ഇത് തുല്യമല്ല. വർണത്തിനനുസരിച്ച് ഇതിൽ ഭേദം കാണാം.
പുത്രവിഭാഗം
പുത്രന്മാരുടെ തരം തിരിവ്. സ്വ ക്ഷേത്രത്തിൽ സ്വന്തം ബീജത്തിൽ പിറന്നവൻ, തൻ്റെ പ്രേരണയോടെ അന്യ ബീജത്തിൽ പിറന്നവൻ, ഭാര്യ കന്യക ആയിരുന്നപ്പോൾ അന്യ ബീജത്തിൽ പിറന്നവൻ ( ഇതൊന്നും അന്നത്തെ പുരുഷന് കുറച്ചിൽ ആയിരുന്നില്ല. സമൂഹവും അത് കാര്യ മാക്കിയില്ല.)
ഗൃഹ വാസ്തുകം
വീട് വയ്ക്കാനുള്ള ഭൂമിയുടെ തെരഞ്ഞെടുപ്പ്, അയൽവീടുമായുള്ള അകലം ഭിത്തി ഓവ് എന്നിവക്കുള്ള സ്ഥാനം. വീട് ക്രയ വിക്രയ സമയത്ത് നാൽപ്പത് വീട്ടുകാർ വീടിൻ്റെ മുന്നിൽ ചേർന്ന് ആ വിവരം വിളിച്ചു പറയണം. വിൽപ്പന ക്കാരനും ഇത് വിളിച്ചു പറയണം. വാങ്ങുന്നവർക്ക് വില പറയാം. വാങ്ങുന്നവർ മത്സരിച്ച് വില കൂട്ടിയാൽ അങ്ങനെ കയറ്റിയ വില രാജാവിലേക്ക് ചെല്ലുന്നു.
വെള്ളത്തിൻ്റെ ഒഴുക്ക് തടയരുത്, തിരിച്ചു വിടരുത്. വിവീതം ( മേച്ചിൽ പുറം) പൊതുവസ്തു.
കടം വാങ്ങൽ, കൊടുക്കൽ
പലിശ, മുതലും പലിശയും തിരിച്ചടവ്, അമിത പലിശ ഈടാക്കിയാൽ പിഴ.
പണയം, പണയ വസ്തു, ഒറ്റി, ഈട് എന്നിവ സംബന്ധിച്ച വ്യവസ്ഥ.
പണിയാൻ കൊടുത്ത ദ്രവ്യം, കളഞ്ഞു കിട്ടിയ ദ്രവ്യം, കപ്പൽ തകർച്ചയിൽ കൈവരുന്ന മുതൽ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ.
അടിമ, അടിമപ്പണി
അടിമയുടെ ക്രയവിക്രയം സംബന്ധിച്ച നിയമം, വ്യവസ്ഥ. വർണ്ണ വ്യവസ്ഥയിൽ പെടുന്ന വ്യവഹാര പ്രാപ്തി കൈവരിക്കാത്തവനെ ക്രയവിക്രയം ചെയ്യുകയോ അടിമപ്പെടുത്തുകയോ ചെയ്യരുത്. വ്യവഹാര പ്രാപ്തി എത്തിയവർ സന്ദർഭം കൊണ്ട് അടിമ ആകാം എന്നു വരുന്നു. ആര്യനെ അടിമ ആക്കരുത് എന്നു പറയുമ്പോൾ തന്നെ ആപത്ത് സംഭവിച്ചാൽ, ബന്ധനസ്ഥനായാൽ കടം വീട്ടി അവനെ മോചിപ്പിക്കണമന്ന് പറയുന്നുണ്ട്. ആര്യനോട് കരുതൽ ഉണ്ട്. പക്ഷെ, ജീവിത സാഹചര്യം അവനെയും അടിമയാക്കാം എന്ന് വരുന്നു. ആര്യനായ ഒരുവനെ അവൻ്റെ സ്വജനങ്ങൾ ആധാനപ്പെടുത്തിയാൽ നിഷ്ക്രിയം ( പ്രതിമൂല്യം) സമ്പാദിച്ച് അവനെ വിടുതൽ ആക്കണം. ആര്യ ഭാഷ അറിയാത്തവൻ അപരിഷ്കൃതനാണ്. കൃഷി അവൻ്റെ തൊഴിൽ അല്ല. കാർഷിക സമൂഹം അവനെയും ആകർഷിക്കാം. അവിടെ ഭക്ഷണം ലഭ്യമാണ്. ഇത് അടിമ പണിയിലേക്ക് ആകർഷണമാണ്.
വർണ്ണ വ്യവസ്ഥക്ക് പുറത്ത് ഉള്ളവർക്ക് ഈ നിയമം ബാധകമല്ല. അവർക്ക് മക്കളെ വിൽക്കാം. ഭക്ഷണതിന് വഴിയില്ലാതെ മക്കളെ വിൽക്കുന്നത് പ്രാകൃത സമൂഹത്തിൽ പതിവായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ടവരോട് ഒപ്പം ഇത്തരക്കാരെയും അടിമ ഗണത്തിലേക്ക് ചേർക്കുന്നു.
വിക്രീത ക്രീതാനുശയം
വിറ്റത് തിരിച്ചെടുക്കുന്നതും വിവാഹ കരാർ ലംഘനവും ഇവിടെ ചർച്ച ചെയ്യുന്നു.
വാഗ്ദാനം ചെയ്ത വസ്തു കൊടുക്കാതിരിക്കുക, ഉടമസ്ഥൻ ഇല്ലാത്ത വസ്തു വിൽക്കുക എന്നീ കാര്യങ്ങൾ ദത്താനപാ കർമ്മം, അസ്വാമി വിക്രയം എന്ന ഭാഗത്ത് ചർച്ച ചെയ്യുന്നു.
വാക്പാരുഷ്യം എന്ന ഭാഗത്ത് ചീത്തവിളി, അപവാദ പ്രചരണം, ഭീഷണി എന്നിവ ചർച്ച ചെയ്യുന്നു.
ദണ്ഡപാരുഷ്യം
തൊട്ടുകൊണ്ടുള്ള ഭീഷണി, ആംഗ്യം കാണിച്ചു കൊണ്ടുള്ള ഭീഷണി, അതിക്രമം എന്നിവ ചർച്ച ചെയ്യുന്നു.
ചൂത് കളി, നാണയം ആയി ഉപയോഗിക്കുന്ന കവടി എന്നിവ ചർച്ച ചെയ്യുന്നു.
ഇരന്നു വാങ്ങിയത്, വാടകക്ക് വാങ്ങിയത് എന്നിവ തിരിച്ചു കൊടുക്കാതിരിക്കൽ, അന്യന് കൊടുക്കാൻ ഏൽപിച്ച വസ്തു കൊടുക്കാതിരിക്കൽ, കുടുംബത്തിന് പൊതുവെയുള്ള മൂലധനം വാങ്ങി അത് വങ്ങിയില്ലെന്ന് പറയൽ എന്നിവ വിവരിക്കുന്നു.
കാരുകര രക്ഷണം
വസ്ത്രങ്ങളുടെ നെയ്ത്ത്, അലക്ക്, ചായം മുക്കൽ; സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ നിർമ്മാണം; ചെമ്പ്, പിച്ചള, ഓട് ഉരുപ്പടികളുടെ നിർമ്മാണം; നാണയ കമ്മട്ടങളും, നാണയം അടിയും; വൈദ്യന്മാർ, കുശീവലൻമാർ അഥവാ ആട്ടും പാട്ടുമായി നടക്കുന്നവർ; വ്യാപാരികൾ, അവരുടെ അളവ് തൂക്കം തുലാ ക്കോൽ, മായം ചേർക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിചിന്തനം ചെയ്യുന്നു.
പ്രകൃതി ക്ഷോഭം
പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്ന ആപത്ത്, അഗ്നി, ജലം വ്യാധി, എലികൾ, സർപ്പം, രക്ഷസ്സ് എന്നിവയിൽ നിന്നുള്ള ഉപദ്രവം വിവരിക്കുന്നു.
ഗൂഡജീവി
കുടുംബ സ്വത്ത് നശിച്ചവൻ, സമ്പാദ്യം കുറഞ്ഞവൻ, ദേശം, ജാതി, ഗോത്രം എന്നിവ മാറ്റി പറയുന്നവൻ, തൊഴിലിനെ മറച്ചു വെക്കുന്നവൻ, മദ്യം, മാംസം, ഗന്ധ മാലിന്യം എന്നിവയിൽ അമിത ആസക്തി കാണിക്കുന്നവൻ, ഇവരെയെല്ലാം ചേർത്ത് ഗൂടജീവി എന്ന് വിളിക്കുന്നു. കൈമോശം വന്ന ദ്രവ്യം കിട്ടിയവൻ അനുവർത്തിക്കേണ്ട നടപടി ക്രമങ്ങൾ വിശദീകരിക്കുന്നു . രാജാ വിൻെറ അധികാര പരിധിയിൽ ജീവിക്കുന്നവരെ ചോരണത്തിൽ നിന്നും രക്ഷിക്കാൻ വഴികൾ വിവരിക്കുന്നു.
ശുദ്ധ ചിത്ര ദണ്ഡകൽപം
കലഹം, ഭവൻഭേദനം, അക്രമം, ബലാത്സംഗം എന്നീ കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്നു.
അതിചാര ദണ്ഡം
അതിചാരം = അതിരു കടന്നു പോകൽ = trespass അതിരു കടന്നു പോകുന്നത്. ഭക്ഷ്യ ഗോഗ്യമല്ലാ ത്തത് നിർബന്ധിച്ച് തീറ്റുന്നത്, കുടിപ്പിക്കുന്നത്, സാർത്ഥവാഹകൻ ഗ്രാമത്തിൽ കൊള്ള അടിക്ക പ്പെടുന്നത്, വളർത്തു മൃഗത്താൽ കൊല്ല പ്പെട്ടാൽ ഉടമസ്ഥന് പിഴ, രാജാവിൻ്റെ ശത്രുവിൽ നിന്ന് പണം പറ്റുന്നവന് ശിക്ഷ ഇത്യാദി കാര്യങ്ങൾ ആലോചിക്കുന്നു.
കോശാഭി സംഹരണം
പണ്ടേ ധനസ്ഥിതി ദുർബ്ബലമായ രാജ്യത്ത് ഇപ്പോഴും തൽസ്ഥിതി തുടരുമ്പോൾ അനുഷ്ഠിക്കേണ്ട പരിഹാര മാർഗങ്ങൾ ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. പല വഴിക്കും കരം പിരിച്ച ശേഷം സമാഹർത്താവ് വിശേഷാൽ വല്ല കാര്യത്തിനും ആവശ്യമുണ്ടെന്ന് കാണിച്ച് ജനപദത്തിലെ പൗര മുഖ്യരെ വിളിച്ചു ചേർക്കണം. വിശേഷാൽ കാര്യം പറഞ്ഞ് പൗരമുഖ്യരോട് വരി ( സംഭാവന ) ആവശ്യ പ്പെടണം.
ആദ്യം യോഗ പുരുഷന്മാർ ( രാജാവിൻ്റെ സ്വന്തം ആൾക്കാർ ) അനൽപമായ ധനം കൊടുക്കണം. അവരെ ദൃഷ്ടാന്തമായി പൗരന്മാരോട് അതു പ്രകാരം വരി കൊടുക്കാൻ അഭ്യർത്ഥന നടത്തണം. അല്പമായി കൊടുക്കുന്നവരെ രാജാവിൻ്റെ മുഖ സ്തുതിക്കാർ നിന്ദിക്കയും വേണം. ആഡ്യന്മാരോട് അവരുടെ സ്ഥിതി അനു സരിച്ച് ഹിരണ്യം ചോദിക്കണം. കഴിവുള്ളവർ എന്തു തരുന്നുവോ അത് സ്വീകരിക്കുകയും പകരം തലപ്പാവ് മുതലായവ കൊടുക്കുകയും വേണം. രാജാവിൻ്റെ ജോലിക്കാർ സംഘ ദ്രവ്യത്തെയോ ശ്രോതിയ ദ്രവ്യത്തേയോ ഭോഗ്യമല്ലത്ത ദ്ര വ്യത്തെയോ കൊണ്ടു വന്ന് മരിച്ചു പോവുകയോ ഗൃഹം വെന്തു പോവുകയോ ചെയ്തവരുടെതെന്ന് പറഞ്ഞ് രാജാവിൻ്റെ കയ്യിൽ അർപ്പിക്കണം. ദേവ സ്ഥാനം, സിദ്ധ സ്ഥാനം, ചൈത്യ സ്ഥാനം, പുണ്യ സ്ഥാനം, ഭൂമിയിൽ നിന്ന് പൊങ്ങി വന്നത്, മുതലായവ രാത്രിയിൽ കൃത്രിമമായി ഉണ്ടാക്കി അടുത്ത പകൽ ജനക്കൂട്ടം ഉണ്ടാക്കി അവ കൊണ്ടും ഉപജീവിക്കാം. അതു പോലെ ചൈത്ഥ്യ ത്തിലോ വനത്തിലോ അകാലികമായി പുഷ്പ ഫലങ്ങൾ ഉണ്ടായാൽ അതിൽ ദേവതാഭിഗമനം ആരോപിച്ച് പ്രസിദ്ധമാക്കാം. സിദ്ധൻ എന്ന് നടിക്കുന്നവൻ വൃക്ഷത്തിൽ രക്ഷസ്സിനെ ആരോപിച്ച് അത് നിവാരണം ചെയ്യാൻ പ്രജകളിൽ നിന്ന് പണം സമാഹരിക്കണം.
കിണറിലെ തുരങ്കത്തിൽ നാഗ പ്രതിമ വെച്ച് അത് കാണാൻ വരുന്നവരോട് ഹിരണ്യം വാങ്ങണം. ഉള്ള് പൊള്ളയായ നാഗ പ്രതിമയിലോ ചൈത്യത്തിലോ മൺ പുറ്റിലോ വല്ല സർപ്പത്തെയും കണ്ടാൽ അതിന് ഔഷധം ചേർത്ത ആഹാരം കൊടുത്ത് മയക്കി ദേവ സാന്നിധ്യം ആരോപിച്ച് വിശ്വാസികളിൽ നിന്ന് ഹിരണ്യം വാങ്ങി പ്രദർശിപ്പിക്കണം. വിശ്വാസം ഇല്ലാത്തവനെ ആചമനത്തിലും ( കുലുക്കുഴി യാനുള്ള ജലം ) പ്രോക്ഷണത്തിലും ( പുണ്യാഹ ജലം ) വിഷം കലർത്തി മോഹിപ്പിക്കുകയോ അഭിതക്‌ത്യനെ ( വധ ശിക്ഷക്ക് വിധിക്കപ്പെട്ട വൻ ) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയോ ചെയ്തിട്ട് ദൈവശാപം അതിൽ ആരോപിച്ച് കൂടുതൽ പ്രജകളെ വിശ്വാസികളാക്കി പണം സ്വരൂപിക്കണം. വൈദേഹിക വ്യഞ്ജനൻ ( പരദേശി വ്യാപാരി എന്ന് നടിക്കുന്നവന് ) ധാരാളം ചരക്കുമായി കച്ചവടം തുടങ്ങി, അവനിൽ പ്രജകൾക്ക് മതിപ്പുണ്ടായൽ അവരുടെ ചരക്കും വിൽപ്പനക്കു വേണ്ടി അവനെ ഏല്പിക്കും. അങ്ങനെ കച്ചവടം കൊഴുത്താൽ രാത്രി അത് അടിച്ചു മാറ്റണം. നല്ല കച്ചവടക്കാരൻ എന്ന് ഖ്യാതി നേടിയ വേഷം കെട്ടുകാരൻ എരവൽ വാങ്ങിയോ കടം വാങ്ങിയോ അനേകം സ്വർണ്ണം വെള്ളി പണ്ടങ്ങൾ ശേഖരിക്കണം. അതിൻ്റെ ബലത്തിൽ കൂടുതൽ കടം വാങ്ങി കച്ചവടം കൊഴുപ്പിക്കണം. ഇങ്ങനെ കച്ചവടം മൂർദ്ധന്യത്തിൽ എത്തിയാൽ രാത്രി ആളെ വിട്ട് അടിച്ചു മാറ്റണം.
ദൂഷ്യരായ ധനികരുടെ അടുക്കൽ സ്വാധികളായ സ്ത്രീകളെ വിടണം. ഈ സ്ത്രീകൾ ദൂഷ്യരെ ഭ്രമിപ്പിച്ച് വശത്താക്കുമ്പോൾ സ്വാധീ ദൂഷണം ആരോപിച്ച് അവരുടെ സർവ്വസ്വവും പിടിച്ചെടുക്കാൻ കഴിയും.
ദൂഷ്യന്മാർ തമ്മിൽ തർക്കം മൂക്കുമ്പോൾ രസദൻമാരെ ( വൈദ്യന്മാർ ) വിട്ട് തർക്കിക്കുന്ന വരിൽ ഒരുത്തനെ വിഷം കൊടുത്ത് കൊന്ന് കുറ്റം മറ്റുള്ളവരിൽ ആരോപിച്ച് അവരുടെ സർവ്വസ്വവും പിടിച്ചെടുക്കാനുള്ള വഴിയൊരുക്കാം.
ഇത്തരം നാടകങ്ങൾ വേറെയും നിരവധിയുണ്ട്. ഇവയെല്ലാം പണം അപഹരിക്കനുള്ള വഴികൾ. ഒരു പക്ഷെ, ആധുനിക ലോകത്തും ഈ നാടകങ്ങൾ അരങ്ങേറുന്നുണ്ട്.
അർത്ഥശാസ്ത്രത്തിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പല നൂറ്റാണ്ടുകളായി പലരാൽ കൂട്ടിചേർക്കപ്പെട്ട ഭാഗങ്ങൾ ഗ്രന്ഥത്തിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിൻ്റെ ഭൂമിക ഗംഗാ സമതലം അല്ലെന്നും, മറിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യേന്ത്യയുടെ ഭാഗങ്ങൾ ആണെന്നും അഭിപ്രായം ഉണ്ട്. കൗടല്യ എന്നത് ഒരു ജാതി നാമം ആണെന്നും അഭി
പ്രായം ഉണ്ട്.
രാജകുമാരൻ
പതിനഞ്ചാം നൂറ്റാണ്ടിൽ എഴുത്പെട്ട The Price എന്ന ഗ്രന്ഥം രാഷ്ട്ര മീമാംസയിലെ ക്ലാസ്സിക് ആയി പരിഗണിക്കന്നു. ഫ്ലോറൻസ് നഗരത്തിലെ ഉന്നത പദവിയിൽ ഉണ്ടായിരുന്നെങ്കിലും അവസാനകാലത്ത് ദരിദ്രനായിരുന്ന മാക്കിവല്ലി ഫ്ലോറൻസിലെ രാജകുമാരന് സമർപ്പിക്കുന്നതാണ് ഈ ഗ്രന്ഥം. രാജാവിൻ്റെ, രാജകുമാരൻ്റെ ചങ്ങാത്തം കാംക്ഷിക്കുന്നവർ കൊടുക്കാറുള്ള കുതിര, സ്വർണ്ണം, രത്നങ്ങൾ തന്നെക്കൊണ്ട് തരാനവില്ലെന്നും, തൻ്റെ അറിവ് മാത്രമാണ് ഉപഹാരം എന്നും മാക്കിവല്ലി പറയുന്നു. ദാരിദ്ര്യം മാത്രം തൻ്റെ ഭാര്യക്കും മക്കൾക്കും അവശേഷിപ്പിച്ചുകൊണ്ട് മാക്കിവല്ലി കാല യവനികക്ക് പിന്നിൽ മറയുന്നു.
പൈതൃകമായി വന്നു ചേരുന്ന രാജ്യം എങ്ങനെ കൊണ്ടുനടക്കാം എന്ന് ചിന്തിക്കുന്നു. പൈതൃക രാജ പദവി പ്രജ അനുഭാവത്തോടെ കാണുന്നു, രാജാവിന് കാര്യമായ തിൻമയൊന്നും ഇല്ലെങ്കിൽ. പുതിയ സ്ഥലത്തെ രാജ്യത്തോട് ചേർക്കണ മെങ്കിൽ സൈനിക ശക്തി പോര, ചേർത്ത സ്ഥലത്തെ പ്രജകളുടെ സഹകരണം വേണം. ഈ സഹകരണത്തിൻ്റെ അടിസ്ഥാനം പ്രജയുടെ പുതിയ പ്രതീക്ഷ. അത് നിറവേറ്റിയില്ലെങ്കിൽ വന്ന സ്ഥലം വന്നതു പോലെ പോകും. ലൂയി പതിനാലാമൻ മിലാൻ നേടിയതും നഷ്ടപ്പെടുത്തി യതും ഉദാഹരണം.
പുതിയ പ്രദേശം രാജ്യത്തോട് ചേർത്താൽ പഴയ രാജവംശം ഉന്മൂലനം ചെയ്യുക. നിലവിലുള്ള കരം പിരിവ്, നിയമം, നാട്ടു നടപ്പ് മുതലായവ പഴയ പടി തുടരുക.
കീഴടക്കിയ പ്രദേശത്ത് ജേതാവിൻ്റെതിൽ നിന്നും ഭിന്നമായ ഭാഷ, ആചാരം നിലവിലുണ്ടെങ്കിൽ ജേതാവ് കീഴ്ടക്കിയ പ്രദേശത്ത് പോയി താമസിക്കണം. ജനത്തിൻ്റെ പിന്തുണ ഉറപ്പാക്കാം, ഉദ്യോഗസ്ഥരുടെ പിടിച്ചു പറിയും ഒഴിവാക്കാം.
കീഴടക്കിയ സ്ഥലത്ത് അധിവാസ കേന്ദ്രങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. സൈനികരെ നിറത്തുന്നതിനേക്കാൾ ചിലവ് കുറവ്. മാത്രമല്ല ജനങ്ങളുടെ എതിർപ്പും കുറയും. ചെറിയ ചെറിയ അധികാര കേന്ദ്രങ്ങളെ തന്നോട് അടുപ്പിച്ചു നിറുത്തണം. അങ്ങനെയല്ലെങ്കിൽ അവർ വിദേശികളുമായി കൂട്ടു കൂടാം. തങ്ങൾ കീഴ്‌ടക്കിയ ദേശങ്ങളിൽ റോമക്കാർ അങ്ങനെ പതിവാക്കി.
ലൂയി പന്ത്രണ്ടാമനു പറ്റിയ പിഴവുകൾ എന്തൊക്കെയാണെന്നു നിരത്തുന്നു. ക്ഷീണിതരായ എതിരാളികളെ ഇല്ലാതാക്കി. അത് ശക്തനായ എതിരാളിക്ക് ഗുണം ചെയ്തു. മാത്രമല്ല അത് മറ്റൊരു വിദേശ ശക്തിയെ ഇറ്റലി യിലേക്ക് ആകർഷിച്ചു. ഇറ്റലിയിൽ താമസിക്കാൻ തയ്യാറായില്ല. വെനീസുകാരെ ഇല്ലാതാക്കി. പള്ളിയുടെ ശക്തി വർദ്ധിപ്പിച്ചു.
മറ്റുള്ളവർ വെട്ടിയ വഴിയിലൂടെ മനുഷ്യൻ പൊതുവെ ചലിക്കുന്നു. അത് എളുപ്പമാണ്. അവസരങ്ങൾ മാത്രം പോര. അത് മുതലാക്കാനുള്ള നൈപുണ്യം വേണം. അവസരങ്ങൾ ഇല്ലാത്ത നൈപുണ്യം വ്യർത്ഥം.
പുതിയ സ്ഥാപനങ്ങളും നിയമങ്ങളും കൊണ്ടു വരാൻ ഉദ്യമിക്കുന്ന രാജാവ് പഴമക്കാരുടെ എതിർപ്പിനെ നേരിടേണ്ടി വരും. പഴമക്കാരോട് അനുഭാവം ഇല്ലാത്തവർ എങ്ങും തൊടാതെ നിൽക്കും. ഒരു സുപ്രഭാതത്തിൽ രാജാവാകുന്നവൻ തൻ്റെ രാജ്യം നിലനിറുത്താൻ ഏറെ കഷ്ടപ്പെടും. അധികാരം വിലക്ക് വാങ്ങുന്നവനും മറ്റൊരുവൻ്റെ ഔദാര്യത്തിൽ അധികാരത്തിൽ ഇത്തുന്നവനും ഈ ഗതിയാണ്. ദാരിയൻ്റെ സത്രപന്മാർ ഉദാഹരണം.
ഫ്രാൻസിസ്കോ സ്‌ഫ്രോസ അയാളുടെ സാമർത്ഥ്യം കൊണ്ട് മിലാനിലെ പ്രഭു ആകുന്നു. നീണ്ട സമരത്തിലൂടെയാണ് അയാൾ ആ നിലയിൽ എത്തിയത്. അതുകൊണ്ട് അയാൾ പിടിച്ചു നിന്നു. വലെൻഷ്യോ പ്രഭു സീസർ ബോർജിയ പിതാവ് കാരണം അധികാരത്തിൽ എത്തി. ഏറെ താമസിയാതെ അത് നഷ്ടപ്പെടുത്തി.
അലക്സാണ്ടർ ആറാമൻ തൻ്റെ മകനെ പ്രഭുവാക്കാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഒരിസീനി, കൊളോണ്ണ എന്നീ നഗരങ്ങളിൽ കലാപം ഉണ്ടാക്കി അയാളത് സാധിച്ചെടുത്തു. ഫ്രാൻസിലെ രാജാവ് ലൂയിയുടെ കല്യാണക്കാര്യത്തിൽ ഇടപെട്ടുകൊണ്ട് അയാൾ ഫ്രാൻസിനെ ഇറ്റലിക്കെതിരാക്കി.
റൊമാഗ്ന വരുതിയിലായതോടെ പോപ് അലക്സാണ്ടർ ആറാമൻ റെനുറോ ഡെ ഓർക്കോ എന്ന കാര്യ ശേഷിയുള്ള ക്രൂരനെ റൊമാഗ്നയുടെ ഭരണം ഏൽപ്പിക്കുന്നു. റൊമാഗ്ന ഏറെക്കുറെ ശാന്ത മാകുന്നു. ശാന്തമായ റൊമാഗ്നയിൽ ഓർക്കോയുടെ തലക്ക് മുകളിൽ ഒരു സിവിലിയൻ ഭരണകൂടത്തെ പോപ് കൊണ്ടുവരുന്നു. ഏറെ താമസിയാതെ ഓർക്കോ അജ്ഞാതരാൽ കൊല്ലപ്പെടുന്നു. സീസർ ബോർജിയ പോപ് അലക്സാണ്ടർ ആറാമൻ്റെ അവിഹിത സന്തതി ആയിരുന്നു. അദ്ദേഹത്തിൻ്റെ മരണ ശേഷം വരുന്ന പുതിയ പോപ് സീസർ ബോർജിയയുടെ അധികാര മോഹങ്ങളെ അവഗണിക്കുന്നു. പുതിയ പോപിൻ്റെ തെരഞ്ഞെടുപ്പിൽ ഉണ്ടായ പിഴവുകൾ മാക്കിവല്ലി ചൂണ്ടിക്കാട്ടുന്നു.
കുശവൻ്റെ മകനായ അഗതോക്ലെസ് എങ്ങനെ കാർത്തിജിനയൻ ആയി കൂട്ടു കൂടി സൈരാകുസിൻ്റെ പ്രഭുക്കളെ മുഴുവൻ ഒരിടത്ത് സമ്മെളിപ്പിച്ച് അവരെ മുഴുവൻ കൂട്ടക്കൊല ചെയ്തു അധികാരം പിടിച്ചെടുത്ത് ആഫ്രിക്കയെ ആക്രമിച്ചു.
സ്വന്തം വളർത്തച്ഛനെ കൊന്ന് അധികാരം പിടിച്ചെടുത്തു ഫെർമോയിലെ ഒളിവെറോട്ടോ. അതേ ചതി പ്രയോഗത്തിലൂടെ സീസർ ബോർജിയ അയാളുടെ കഥ കഴിക്കുന്നു.
കോൺസ്റ്റിട്യൂഷണൽ പ്രിൻസിപ്പലിറ്റി എന്ന് മാക്കിവല്ലി വിളിക്കുന്ന ഈ പ്രാദേശിക ഭരണകൂടങ്ങൾ പ്രഭുക്കളെയും പ്രജകളെയും വേറിട്ടു കണ്ടു. പ്രജകൾക്ക് മർദ്ദകനല്ലാത്ത രാജാവിനെ വേണം. പ്രഭുക്കൾക്ക് വേണ്ടത് പ്രജകളെ മർദ്ദിക്കുന്ന രാജാവിനെ. മടിയന്മാരായ പ്രഭുക്കളെ പേടിക്കേണ്ട. രാജാവിൻ്റെ തുല്യത കാംക്ഷിക്കുന്ന അവർ നല്ല കാലത്ത് രാജാവിൻ്റെ കൂടെയും കെട്ട കാലത്ത് എതിരാളിയുടെ കൂടെയും നിൽക്കും.
വൈദികരുടെ രാജ്യത്തേക്കുറിച്ച് ഒന്നും പറയാനില്ല. അവരുടെ അധികാരം ദൈവദത്തം. പ്രജകൾക്കും അവരെക്കുറിച്ച് പരാതിയില്ല.
കൂലി പട്ടാളത്തിൻ്റെ പോരായ്മകളും സ്ഥിരം സൈന്യത്തിൻ്റെ മേന്മയും മാക്കിവല്ലി വ്യക്തമാക്കുന്നു.
യുദ്ധ കാലത്ത് കടമെടുക്കുന്ന അന്യദേശ പടയാളികൾ യുദ്ധം കഴിഞ്ഞാലും രാജ്യത്ത് തങ്ങും. ഇവർ കൂലി പട്ടാളത്തേക്കാൾ വലിയ ഭീഷണി ഉയർത്തുന്നു. അവരുടെ തലവൻ രാജാവിനോട് വില പേശും. യുദ്ധത്തെ പരിഗണിക്കാത്തവൻ്റെ രാജ്യം നഷ്ടപ്പെടും. രാജ്യം കീഴടക്കാൻ ആദ്യം വേണ്ടത് യുദ്ധ നൈപുണ്യമാണ്.
പ്രത്യക്ഷത്തിൽ നന്മ എന്ന് തോന്നുന്നവയെ പിന്തുടരുന്ന രാജാവ് നാശത്തിലേക്ക് നയിക്കും. പ്രത്യക്ഷത്തിൽ തിന്മ ചെയ്യുന്നവൻ സുരക്ഷ യിലേക്ക് നയിക്കുന്നു.
ഉദാര ശീലനായ രാജാവ് ഏറെ താമസിയാതെ വെറുക്കപ്പെടും. അയാളുടെ ദാനധർമ്മങ്ങൾ രാജ്യത്തിൻ്റെ ഖജനാവ് കാലിയാക്കുന്നു. തുടർന്ന് കരം വർദ്ധിപ്പിക്കുന്നു. ജനം വെറുക്കുന്നു. അന്യ രാജ്യത്തു നിന്നും കവർന്നെടുത്ത ധനം സ്വന്തം രാജ്യത്ത് വിതരണം ചെയ്ത് രാജാവിന് ഉദാര ശീലനാകാം. സീസറും, സൈറസ്സും, അലക്സാണ്ടറും അങ്ങനെ ചെയ്തവരാണ്.
കൂടെ നിൽക്കുന്നവർ അവരുടെ ഇഷ്ടത്തിനനുരിച്ച് രാജാവിനെ സ്നേഹിക്കുന്നു. അവർ രാജാവിനെ ഭയക്കുന്നത് രാജാവിൻ്റെ ഇഷ്ടത്തിനൊത്ത്. തൻ്റെ നിയന്ത്രണത്തിൽ അല്ലാത്തതിനെ രാജാവ് കാംക്ഷിക്കരുത്. രാജാവ് ദയാലു ആയിരിക്കണമെന്നില്ല. പക്ഷെ കൊല്ലപ്പെട്ടവരുടെ സ്വത്ത്, സ്ത്രീകൾ എന്നിവ കവർച്ച ചെയ്യുമ്പോൾ അവരുടെ പിൻഗാമികൾ പ്രതികാരത്തിൻ്റെ പാതയിലേക്ക് വരുന്നു.
രാജാവ് വാക്ക് പാലിക്കണോ? ചത്തുരതയോടെ വാക്ക് ലംഘിക്കണോ? നിങ്ങൾക്ക് നിയമത്തിലൂടെ യുദ്ധം ചെയ്യാം. ബലപ്രയോഗത്തിലൂടെ യുദ്ധം ചെയ്യാം. മനുഷ്യൻ ആദ്യത്തെ വഴി സ്വാഭാവികമായി തെരഞ്ഞെടുക്കുന്നു. രണ്ടാമത്തെ വഴി വന്യ ജീവികൾക്ക് ഉള്ളതാണ്. രാജാവ് രണ്ടു വഴിയിലും ചതുരൻ ആയിരിക്കണം. മനുഷ്യൻ്റെ ഒരു പകുതി മൃഗമാണ്. സിംഹത്തെ കെണിയിൽ വീഴ്ത്താൻ കഴിയും. കുറുക്കൻ കെണിയിൽ വീഴില്ല. രാജാവ് കുറുക്കനെ പോലെ കെണിയെ മറി കടക്കണം.
നല്ല ഗുണങ്ങൾ ഉണ്ടെന്ന് രാജാവ് ഭാവിക്കണം. നന്മയിൽ നിന്നും വ്യതിചലിക്കരുത്. പക്ഷെ, അത്യാവശ്യമെങ്കിൽ തിന്മ ചെയ്യാൻ അറിഞ്ഞിരിക്കണം. ജനങ്ങളാൽ വെറുക്കപ്പെട്ട രാജാവിനെ കീഴ്പ്പെടുത്താൻ ഉപജാപകർക്ക് എളുപ്പം. സ്വന്തം പ്രജകളെ പേടി ഇല്ലാത്ത രാജാവിന് കോട്ട കൊത്തളങൾ ആവശ്യമില്ല.
ജനാധിപത്യം ലക്ഷ്യമായ ആധുനിക ലോകത്ത് ചാണക്യൻ്റെ, മാക്കിവല്ലിയുടെ അറിവുകൾ അപ്രസക്തമാകുന്നു. എങ്കിലും ജനാധിപത്യം, തുല്യത എന്നീ ആശയങ്ങൾ അതിൻ്റെ പൂർണ്ണ രൂപത്തിൽ വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമേ നിലവിൽ ഉള്ളൂ. ഭൂരിപക്ഷം രാജ്യങ്ങളും വോട്ടിൽ മാത്രമാണ് ജനാധിപത്യം. ഈ രാജ്യങ്ങളിലൊക്കെ ജനാധിപത്യത്തിലെ രാജാക്കന്മാർ ചാണക്യൻ്റെ, മാക്കിവല്ലിയുടെ സിദ്ധാന്തങ്ങൾ പ്രയോഗിച്ചു വരുന്നു. അവിടങ്ങളിൽ ഭരണ പ്രതിപക്ഷ വ്യത്യാസം ഇക്കാര്യത്തിൽ ഇല്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ